കൊടുവള്ളി-മമ്പറം-വിമാനത്താവളം റോഡ്: സ്ഥലമേറ്റെടുപ്പ് ഉടൻ
1494751
Monday, January 13, 2025 1:09 AM IST
മട്ടന്നൂർ: തലശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ഉടൻ തുടങ്ങും. ഇതിന് മുന്നോടിയായുള്ള 11(1) വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും കൈവശക്കാരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഭൂരേഖകളുടെ പുതുക്കലുമായി ബന്ധപ്പെട്ടും സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും ആക്ഷേപമുള്ള വർ 15 ദിവസത്തിനകം രേഖാമൂലം സ്പെഷൽ തഹസിൽദാർ (എൽഎ എയർപോർട്ട്) മുമ്പാകെ പരാതി നല്കണം. ഭൂമി ഏറ്റെടുക്കലിന് അംഗീകാരം നല്കി സർക്കാർ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.
കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം 24.5 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്.
തലശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടത്. പഴശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി, തലശേരി വില്ലേജുകളിൽ നിന്നായാണ് സ്ഥലം ഏറ്റെടുക്കുക. കെആർഎഫ്ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല. സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
റോഡ് നിർമിക്കാനായി 188 ഓളം പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് തൃക്കാക്കര ഭാരതമാത സ്കൂൾ ഓഫ് സോഷ്യൽ വർക്ക് തയാറാക്കിയ സാമൂഹ്യാഘാത പഠനറിപ്പോർട്ടിൽ പറയുന്നത്. 749 വീടുകളും 140 കടകളും 15 പൊതുമേഖലാ സ്ഥാപനങ്ങളും റോഡിനായി പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടി വരും. 4441 മരങ്ങൾ മുറിച്ചുനീക്കണം.
റോഡിന്റെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഒരു വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. പ്രാഥമിക സർവേയും നടത്തി. ഇനി സ്ഥലം അളന്നു തിട്ടപ്പെടുത്തി മൂല്യനിർണയത്തിലേക്ക് കടക്കും. റവന്യു, കൃഷി, വനം വകുപ്പുകൾ ചേർന്നാണ് വസ്തുവകകളുടെ മൂല്യനിർണയം നടത്തുക. തുടർന്ന് നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലമേറ്റെടുപ്പ് നടത്തും.
വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതകളിൽ വേഗത്തിൽ നടപടികൾ മുന്നോട്ടുപോകുന്ന റോഡാണ് കൊടുവള്ളി-മമ്പറം-വിമാനത്താവളം റോഡ്. മാനന്തവാടി-ബോയ്സ് ടൗൺ-വിമാനത്താ വളം റോഡിന്റെ അന്തിമ റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് കഴിഞ്ഞു.