സൗകര്യങ്ങൾ എല്ലാമുണ്ട്, ആവശ്യത്തിന് ജീവനക്കാരില്ല
1493983
Friday, January 10, 2025 1:35 AM IST
ഒടുവള്ളിത്തട്ട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി കാൽനൂറ്റാണ്ട് പിന്നിട്ട ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാരില്ല. ഇതോടെ ഒരു മാസമായി ഇവിടെ ഈവനിംഗ് ഒപി പ്രവർത്തിക്കുന്നില്ല. താലൂക്ക് ആശുപത്രിയായി ഉയർത്താവുന്ന അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന രോഗികളുടെ വരി നിത്യസംഭവമായി മാറി. ഉദയഗിരി, മണക്കടവ്, തേർത്തല്ലി, നടുവിൽ, ചെങ്ങളായി, ചപ്പാരപ്പടവ്, കുടിയാന്മല എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഒടുവള്ളിത്തട്ട് സിഎച്ച്സിക്ക് കീഴിലാണുള്ളത്. മലയോരത്തെ അതിവിസ്തൃതമായ അഞ്ച് പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു
കൊണ്ടുപോകേണ്ടതും ഈ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആണ്.കിഴക്കൻ മലയോര ജനതയുടെ ചികിത്സാസൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1981ൽ ആരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തെ 2008 ൽ ആണ് സിഎച്ച്സിയായി ഉയർത്തിയത് എന്നാൽ ഇന്നും ഒടുവള്ളിത്തട്ട് ആരോഗ്യകേന്ദ്രം പിഎച്ച്സിയുടെ അവസ്ഥയിൽ തന്നെ തുടരുകയാണ്.
ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി പുതുതായി നിർമിച്ച രണ്ട് കെട്ടിടങ്ങൾ ഉണ്ട്. കാഫ്ബി ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവയിൽ നിന്നും 1.79 കോടി ചെലവഴിച്ച് നിർമിച്ച ഐസുലേഷൻ വാർഡ് , നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്ന് 1.36 കോടി രൂപ ചെലവഴിച്ച് കിടത്തി ചികിത്സക്കായി നിർമിച്ച കെട്ടിടവുമാണിത്. ഇതിന് പുറമെ വികസന പ്രവർത്തനങ്ങൾക്കായി നബാർഡ് രണ്ടര കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.