സ്കൂളിലേക്കു പോയ വിദ്യാർഥിനി തോട്ടിലേക്ക് കുഴഞ്ഞുവീണു മരിച്ചു
1494291
Saturday, January 11, 2025 2:00 AM IST
പഴയങ്ങാടി: സ്കൂളിലേക്ക് പോകുമ്പോൾ വിദ്യാർഥിനി കുഴഞ്ഞ് തോട്ടിൽ വീണുമരിച്ചു. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി വെങ്ങര നടക്കുതാഴെ എൻ.വി. സുധീഷ് കുമാർ-സുജ ദന്പതികളുടെ മകൾ എൻ.വി. ശ്രീനന്ദയാണ് (16) നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്കു വീണുമരിച്ചത്.
വെങ്ങര നടക്കുതാഴെയുള്ള റോഡിനു കുറുകെയുള്ള തോട്ടിലേക്കാണു വീണത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു ദാരുണ സംഭവം.സഹോദരൻ വിശ്വജിത്തും മറ്റു വിദ്യാർഥികളുമായി സ്കൂളിലേക്ക് ബസ് കയറാനായി പോകുമ്പോൾ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്കു വീഴുകയായിരുന്നു.
ഉടൻ സഹോദരനും മറ്റു വിദ്യാർഥികളും ചേർന്ന് തോട്ടിൽനിന്നും ശ്രീനന്ദയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാർ എത്തിയാണ് വിദ്യാർഥിനിയെ സമീപമുള്ള പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡിനു കുറുകെയുള്ള കൈത്തോടിന് പാർശ്വഭിത്തിയോ കൈവരിയോ ഇല്ലാത്തതാണ് വിദ്യാർഥിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെന്നി ചെളിപൂണ്ട തോട്ടിലേക്ക് ശ്രീനന്ദ വീണത്. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് തയാറാക്കി.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നുരാവിലെ 9.30ന് മാടായി ഗവ. ഗേൾസ് ഹെസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10.30ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.