രാജരാജേശ്വര ക്ഷേത്രത്തിൽ കൂറ്റൻ വെങ്കല ശിവശില്പം ഒരുങ്ങി
1494752
Monday, January 13, 2025 1:09 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വെങ്കല ശിവശില്പം ഒരുങ്ങി. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പം ഒരുക്കിയത്. പ്രമുഖ വ്യവസായി തളിപ്പറമ്പിലെ മൊട്ടമ്മൽ രാജനാണ് 14 അടി ഉയരവും 4000 കിലോ തൂക്കവുമുള്ള ശിവന്റെ പൂർണകായ വെങ്കല ശില്പം തളിപ്പറമ്പ് രാജരാജേ ശ്വര ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ശില്പിയുടെ പയ്യന്നൂർ കാനായിലെ പണിപ്പുരയിലാണ് ശില്പം ഒരുക്കിയത്.
ഏകദേശം നാലു വർഷത്തോളം സമയമെടുത്ത് 14 അടി ഉയരത്തിൽ നിർമിച്ച ശില്പം ആദ്യം കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം ചെയ്ത് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയാണ് ചെയ്തത്. വെങ്കലത്തിലും എസ്എസ് 3 നോട്ട് 4 സ്റ്റീലിലുമാണ് ശില്പം നിർമിച്ചത്. കോൺക്രീറ്റിൽ ഉയരം കൂടിയ നിരവധി ശിവശില്പങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ തന്നെ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവശില്പമാണ് തളിപ്പറമ്പിൽ ഒരുങ്ങിയിട്ടുള്ളതെന്ന് ഉണ്ണി കാനായി പറഞ്ഞു.
രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേനടയിലെ ആൽമരത്തിനു ചുവട്ടിലാണ് ശിവന്റെ ശില്പം സ്ഥാപിച്ചത്. രണ്ടുമാസത്തിനുള്ളിൽ ശില്പം അനാച്ഛാദനം ചെയ്യും. ഉണ്ണിയുടെ ശില്പ നിർമാണ സഹായികളായി സുരേഷ് അമ്മാനപ്പാറ, കെ. വിനേഷ്, ബാലൻ പാച്ചേനി, ബൈജു കോറോം, കെ. സുരേഷ്, എം.വി. ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു. ശില്പി ഉണ്ണി കാനായി ഗുരുവായൂർ അമ്പലം കിഴക്കേനടയിലെ മഞ്ജുളാൽ തറയിലെ ഗരുഡ ശില്പം വെങ്കലത്തിൽ ഒരുക്കുന്ന തിരക്കിലുമാണ്.
സമർപ്പണത്തിന് പ്രധാനമന്ത്രി ?
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ശിവന്റെ വെങ്കലത്തിലുള്ള പൂർണ കായ പ്രതിമ സമർപ്പണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പിൽ എത്തിയേക്കും. നിലവിൽ ശില്പത്തിന്റെ പണി പൂർത്തിയായി ശില്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ശിവരാത്രിക്ക് മുന്പ് ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് ക്ഷേത്ര-ദേവസ്വം ഭാരവാഹികൾ. സമർപ്പണത്തിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് ഈ ശില്പം ദർശിക്കാനുള്ള സാഹചര്യം ഒരുങ്ങുകയുള്ളു. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തത്സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിയോളജി ക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിൾ മേധാവികൾ ക്ഷേത്രം സന്ദർശിച്ചു.