അയ്യൻകുന്ന് മറിയക്കുട്ടി വധം: മരുമകൾ കുറ്റക്കാരി, ശിക്ഷ 14 ന്
1494293
Saturday, January 11, 2025 2:00 AM IST
തലശേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് കരിക്കോട്ടക്കരി അയ്യന്‍കുന്ന് 18 ഏക്കറിലെ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
അയ്യൻകുന്ന് കായമ്മാക്കല്‍ ഹൗസില്‍ എല്‍സിയെ (56) യാണ് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ശിക്ഷ 14ന് പറയും.
2021 ഫെബ്രുവരി മൂന്നിന് വൈകുന്നേരം 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ മറിയക്കുട്ടി കട്ടിളപ്പടിയില്‍ തലയടിച്ചുവീണ് മരിച്ചുവെന്നായിരുന്നു ആദ്യ വിവരം.
പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ.ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മറിയക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
സംഭവത്തില്‍ കരിക്കോട്ടക്കരി പോലീസ് ഇൻസ്പെക്ടർമാരായ ശിവന് ചോടോത്തും അബ്ദുല്‍ ബഷീറും നടത്തിയ അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്ന് എല്‍സി മറിയക്കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റിപ്പിടിച്ച് തലമുടിക്ക് കുത്തിപ്പിടിച്ച് കോണ്‍ക്രീറ്റ് പടിയില്‍ പലതവണ കുത്തിപ്പരിക്കേല്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല.
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് എൽസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ 24 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു.