ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം
1494520
Sunday, January 12, 2025 1:54 AM IST
കണ്ണൂർ: ജില്ലയിലെ വിവിധ ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കുടുംബ ക്ഷേമ കാര്യമന്ത്രാലയത്തിന്റെ റീജിയണൽ ഓഫീസിൽ നിന്നുള്ള സംഘം ജില്ല സന്ദർശിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ സംഘം പരിശോധിച്ചു.
വിവിധ പകർച്ച പകർച്ചേതര വ്യാധികളുടെ വ്യാപനം വിലയിരുത്തി. ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പിൽ സംഘം തൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്നും കേന്ദ്രസംഘം അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെത്തിയ സംഘം ഡിഎംഒ ഡോ. പിയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ മാർ, വിവിധ ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. താലൂക്ക് ഹോസ്പിറ്റൽ പഴയങ്ങാടി, സാമൂഹിക ആരോഗ്യ കേന്ദ്രം ഇരിവേരി, കുടുംബാരോഗ്യ കേന്ദ്രം കൂടാളി, ജില്ലാ ടി ബി സെന്റർ, ജില്ലാ ഡിവിസി കൺട്രോൾ യൂണിറ്റ്, വിവിധ സബ് സെന്ററുകൾ എന്നിവ സന്ദർശിച്ചു.
രജിസ്റ്ററുകൾ പരിശോധിക്കുകയും വിവിധ സ്കീമുകളുടെ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്തു.
റീജിയണൽ ഡയറക്ടർ ഇൻ ചാർജ് ഡോക്ടർ വി.എൽ. ഹരിത, ടെക്നിക്കൽ അസിസ്റ്റന്റ് എം.എ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.