കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പുലി ഇറങ്ങിയ സ്ഥലം സന്ദർശിച്ചു
1493730
Thursday, January 9, 2025 2:03 AM IST
കാക്കയങ്ങാട്: കഴിഞ്ഞ ദിവസം കാക്കയങ്ങാട് ടൗണിനടുത്ത് പുലി ഇറങ്ങി ഭീതിപരത്തിയ സ്ഥലം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. ജനങ്ങളുടെ ജീവന് അപകടം സൃഷ്ടിച്ച് ഭീതി പരത്തുന്ന കാട്ടുമൃഗങ്ങളെ വനാതിർത്തികളിൽ തളച്ചിടാൻ കഴിയാത്ത വനം വകുപ്പിന്റെ കെടുകാര്യസ്ഥതമൂലമാണ് ആറളം ഫാമിനോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് നിരന്തരം കാട്ടു മൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി.
തിയ വനനിയമം ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിന് പകരം കൂടുതൽ ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. പുലി ഭീതിപരത്തിയ പ്രദേശത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും കർഷകർക്ക് ദ്രോഹമാക്കുന്ന നിലപാടുകളിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിൻമാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളായ ബെന്നി പുതിയാംമ്പുറം, ജോണി തോമസ് വടക്കേക്കര, കുന്നോത്ത് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. തോമസ് പാണാക്കുഴി, തലശേരി അതിരൂപത ഫൊറോന ഭാരവാഹികളായ ജോർജ് കാനാട്ട്, ബ്രിട്ടോ ജോസ് ഷിബു കുന്നപ്പള്ളി, മാത്യു വള്ളോംകോട്ട്, ഷാജു ഇടശേരി, ജോബി കുര്യൻ, കെ.റ്റി. തോമസ് എന്നിവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.