കശുവണ്ടിക്ക് 250 രൂപ തറവില പ്രഖ്യാപിക്കണം: എകെസിസി
1493734
Thursday, January 9, 2025 2:03 AM IST
ഇരിട്ടി: കശുവണ്ടിക്ക് 250 രൂപ തറവില പ്രഖ്യാപിക്കണമെന്ന് എകെസിസി എടൂർ ഫൊറോന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനാകുന്നില്ലെന്ന് യോഗം വെളിമാനം പാരിഷ് ഹാളിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി. സാധാരണക്കാരനെ കൈവിലങ്ങുവയ്ക്കുന്ന കരിനിയമമായി മാറിയിരിക്കുന്ന വനനിയമ ഭേദഗതി , വന്യമൃഗാക്രമണവും കൃഷിനാശവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക, വനാതിർത്തിയോട് ചേർന്നുള്ള സോളാർ ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധസമരം നടത്താനും തീരുമാനിച്ചു.
യോഗത്തിൽ സിഎ പരീക്ഷയിൽ ഉന്നത വിജയം നേടിയ ബിൻ ജോയൽ ബെന്നി പൂവകുളത്തിനെ ഫൊറോനാ ഡയറക്ടർ ഫാ. മാത്യു ചക്യാരത്ത് മെമെന്റോ നൽകി ആദരിച്ചു.
വെളിമാനം പള്ളി വികാരി ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ, ജോസ് പുത്തൻപുരയ്ക്കൽ, ബെന്നിച്ചൻ മഠത്തിനകം, ജയിംസ് പാറേൽ, പൈലി പേമലയിൽ, ജോസഫ് മേലഴകത്ത്, കെ.സി. ചാക്കോ, തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.