പായത്തെ ഭീതിയിലാഴ്ത്തി കാട്ടാനകൾ; പിൻവാങ്ങിയത് 15 മണിക്കൂറിനുശേഷം
1493990
Friday, January 10, 2025 1:35 AM IST
ഇരിട്ടി: ഇരിട്ടി ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിൽ പായം പഞ്ചായത്തിലെ കരിയാൽ, എരുമത്തടം എന്നീ ജനവാസ കേന്ദ്രങ്ങളെ 15 മണിക്കൂറോളം ഭീതി വിതച്ച് കാട്ടാനകൾ. ബൈക്ക് യാത്രികൻ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നു 20 കിലോമീറ്ററോളം ജനവാസ മേഖലകൾ കടന്നാണു പായം പഞ്ചായത്തിലെ കരിയാലിൽ ഇന്നലെ പുലർച്ചെ 4.30 ന് രണ്ട് കാട്ടാനകൾ എത്തിയത്. രാത്രി 7.30 ഓടെയാണ് ഇവയെ ആറളം ഫാമിലേക്ക് തുരത്താനായത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കളക്ടറുടെ ചുമതലയുള്ള എഡിഎം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പായം കരിയാൽ, എരുമത്തടം മേഖലയിൽ കാട്ടാനകൾ എത്തുന്നത് ആദ്യമാണ്. കരിയാലിൽ പത്രവിതരണം നടത്തുന്ന രമേശനാണ് കാട്ടാനയെ സാന്നിധ്യം ആദ്യം കണ്ടത്. പിന്നീട് 7.30 ന് സമീപത്തെ പുതിയവിട ദിനേശന്റെ വീടിനു സമീപത്തുകൂടി രണ്ട് കാട്ടാനകൾ കടന്നുപോകുന്നതും വീട്ടുകാർ കണ്ടു. ഇതോടെ വനം വകുപ്പ് അധികൃതൽ സ്ഥലത്തെത്തി. ഒന്പതിന് നൂറോളം വനപാലകർ പോലീസ് പിന്തുണയോടെ ആനകളെ പടക്കം പൊട്ടിച്ച് പുഴയിലൂടെ തന്നെ ഫാമിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും ആനകൾ കൂട്ടം തെറ്റി ഒന്ന് വലതുവശത്ത് പുഴയ്ക്ക് സമീപത്തെ അക്കേഷ്യ കാട്ടിലേക്കും രണ്ടാമത്തേതു ഇടതുവശത്ത് പഴയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്തേക്കും ഓടി മാറി.
ഈ സമയത്താണ് സംഭവം അറിയാതെ ജബ്ബാർക്കടവ് ഭാഗത്തുനിന്ന് എടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ സനീഷ് ആനയുടെ മുന്നിൽപ്പെട്ടത്. മറിഞ്ഞ ബൈക്ക് ഉപേക്ഷിച്ചു ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും പിന്തുടർന്ന ആനയിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്തുനിന്ന് ആനയെ പുറത്തെത്തിച്ചു തുരത്താൻ ശ്രമിച്ചെങ്കിലും നാലുതവണ റോഡ് വരെ എത്തി മടങ്ങിപ്പോയി. ചൂട് കൂടിയതോടെ ആനയെ കുറ്റിക്കാട്ടിൽത്തന്നെ നിർത്തി 12.30 ന് തുരത്തൽ അവസാനിപ്പിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് പുനരാരംഭിച്ച തിരച്ചിൽ അര മണിക്കൂർ കഴിഞ്ഞപ്പോൾ ഗ്രൗണ്ടിൽ എത്തിയ ആന തിരിച്ചുപോയി. 5.55 ഓടെ ആറാംതവണയും ആനയെ പുറത്തെത്തിച്ചെങ്കിലും വഴിമാറി കരിയാൽ ടൗണിലേക്ക് ഓടി വട്ട്യറ സ്കൂൾ പരിസരത്ത് തമ്പടിച്ചതു ആശങ്ക വർധിപ്പിച്ചു. പിന്നീട് സന്ധ്യയോടെയാണ് ഏറെ ശ്രമകരമായി ആനയെ പുറത്തെത്തിച്ചു മറുവശത്തുള്ള ആനയ്ക്കൊപ്പമാക്കി ആറളം ഫാമിലേക്ക് തുരത്തിയത്.
പുലർച്ചെ പായം ഭാഗത്തുവന്ന ആനകൾ മുടച്ചാൽ ഭാഗത്തും പായത്തും കൃഷിനാശവും വരുത്തി. ഫാം അതിർത്തിയിൽ പാലപ്പുഴ കൂടലാട് ഭാഗത്തുകൂടി പുഴ വഴിയാണ് പായത്ത് ആനകൾ എത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തി ഫാമിന്റെ കൃഷിയിടം താവളമാക്കിയ കാട്ടാനക്കൂട്ടം പുഴ കടന്നു അയ്യപ്പൻകാവ്, ചാക്കാട്, പാലപ്പുഴ ഭാഗങ്ങളിൽ എത്തി സ്ഥിരം ഭീഷണിയാണ്.
ഇവിടെ നാട്ടുകാർ പിരിവെടുത്ത് നിർമിച്ച സോളർ തൂക്കുവേലി പരിചരണ കുറവു കാരണം പ്രവർത്തിക്കാതെ വന്നതാണ് ഇപ്പോൾ ഇതുവഴി കാട്ടാനകൾ ഇപ്പോൾ ജനവാസ കേന്ദ്രത്തിൽ പ്രവേശിക്കുന്നത് .
സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. വനം എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.രതീശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, റേഞ്ചർമാരായ പി.പ്രസാദ് (കൊട്ടിയൂർ), സുധീർ നെരോത്ത് (കണ്ണവം), വി.ജയപ്രകാശൻ (ഫ്ലൈയിംഗ് സ്ക്വാഡ്), ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡപ്യട്ടി റേഞ്ചർമാരായ എം.ഷൈനികുമാർ (ആർആർടി), കെ.ജിജിൽ (കണ്ണവം), ഫോറസ്റ്റർമാരായ സി.സുനിൽകുമാർ (ഇരിട്ടി), സി.കെ.മഹേഷ് (തോലമ്പ്ര) എന്നിവർ ആനതുരത്തലിന് നേതൃത്വം നൽകി.
പേരാവൂർ ഡിവൈഎസ്പി കെ.വി.പ്രമോദൻ, എസ്എച്ച്ഒമാരായ കെ.കുട്ടികൃഷ്ണൻ (ഇരിട്ടി), ആൻഡ്രിക് ഗ്രോമിക് (ആറളം), അരുൾദാസ് (ഉളിക്കൽ), എസ്ഐമാരായ കെ.ഷറഫുദ്ദീൻ (ഇരിട്ടി), റജി സ്കറിയ (ഇരിട്ടി), പി.പി.പ്രഭാകരൻ (കരിക്കോട്ടക്കരി), ഷുഹൈബ് (ആറളം) എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷ ഒരുക്കി. ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ദുരന്ത നിവാരണ വിഭാഗ തഹസിൽദാർ എം.ലക്ഷ്മൻ, പായം വില്ലേജ് ഓഫിസർ കെ.പ്രമോദ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്തു.
നിരോധനാജ്ഞ,സ്കൂളുകൾക്ക് അവധി; റോഡുകൾ അടച്ചു
കാട്ടാനകൾ ഇറങ്ങിയ സാഹചര്യത്തിൽ പായം പഞ്ചായത്തിലെ ഒന്പത്, 10, 11 വാർഡുകളിലും ആറളം പഞ്ചായത്തിലെ 15, 16 വാർഡുകളിലും മുഴക്കുന്ന് പഞ്ചായത്തിലെ ഒന്ന്,രണ്ട് വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കളക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്രക്കുറുപ്പ് ഉത്തരവിറക്കിയിരുന്നു. പായം ഗവ. യുപി സ്കൂളിനും വട്ട്യറ എൽപി സ്കൂളിനും ഇന്നലെ പൂർണമായും ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഉച്ചയ്ക്കുശേഷം അവധിയും നൽകി.