മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു
1493629
Wednesday, January 8, 2025 10:05 PM IST
പരിയാരം: മകന്റെ അടിയേറ്റതിനെത്തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐ. ഐസക്കാണ് (75) ആണ് ഇന്നലെ രാവിലെ വീട്ടില്‍ മരിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ 27ന് രാവിലെ മകന് സന്തോഷ് ( 48) മരവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
തലച്ചോറില്‍ രക്തസ്രാവം ബാധിച്ച് ഒരുമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. പരിയാരം പോലീസ് വധശ്രമക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത സന്തോഷ് ഇപ്പോൾ റിമാൻഡിലാണ്.
മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പരിയാരം ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ്കുമാര്‍ പറഞ്ഞു.
സംസ്കാരം ഇന്ന് അഞ്ചിന് എടക്കോം ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ: എല്‍സി മുരിങ്ങോത്ത്. മറ്റു മക്കള്‍: സീമ. മരുമക്കള്‍: ജോഷി (അരവഞ്ചാല്‍), അനു (എടക്കോം).