എഴുതുന്നവർ പുസ്തകങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കണം: എം. മുകുന്ദൻ
1464872
Tuesday, October 29, 2024 7:16 AM IST
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ച നാല് ദിവസത്തെ പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായിരുന്നു.
എഴുത്തിന്റെ ജനാധിപത്യവത്കരണം നല്ല കാര്യമാണെങ്കിലും എഴുതുന്നവർ പുസ്തകങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കണമെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ പുസ്തകങ്ങൾ ഉണ്ടാക്കുന്ന പുതിയ തരത്തിലുള്ള മലിനീകരണം ഉണ്ടാക്കും. അങ്ങിനെ ഒരു അവസ്ഥയിലേക്ക് നാം പോകരുത്. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല പുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കാരണം ഒരുപാട് പുസ്തകങ്ങൾ പുറത്തുവരുന്നുണ്ട്. സ്വയം പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ സംഭവിച്ചതാണിത്. ആധുനിക മലയാളിയെ സൃഷ്ടിച്ചിട്ടുള്ളത് വായന തന്നെയാണ്. പുസ്തകം വായിച്ചു വായിച്ചാണ് നമ്മൾ ഉണ്ടായത്. പഴയകാലത്ത് ഒരുപക്ഷേ ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ, വായിക്കാതെ ജീവിക്കാൻ കഴിയില്ല. പല തലമുറകളുടെ വായനയുടെ ഫലമായിട്ടാണ് ആധുനിക മലയാളി സമൂഹം ഉരുത്തിരിഞ്ഞുവന്നത്.
തിരക്കുപിടിച്ച ഈ കാലത്ത്, പുസ്തകങ്ങൾ വായിച്ചിട്ടില്ലെങ്കിലും പുസ്തകങ്ങൾ നിങ്ങളുടെ ചുറ്റും ഉണ്ടാവണമെന്നാണ് ഒരു പുതിയ തിയറി പറയുന്നത്. ലോകത്തെങ്ങുമുള്ള വായനക്കാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ വായന മടുക്കാൻ തുടങ്ങിയെന്നാണ്. ഇ-ബുക്കിനും ഓഡിയോ ബുക്കിനും പകരം ലോകത്തിലെ വായനക്കാർ പതുക്കെ പുസ്തകങ്ങളിലേക്ക് തിരിച്ചുവരികയാണ്. അതിന് പ്രധാന കാരണം, പുസ്തകം കാണുന്നതും തലോടുന്നതും മണക്കുന്നതും വലിയ സന്തോഷമാണ്. ഡിജിറ്റൽ വായനയിൽ അക്ഷരങ്ങളെ നമുക്ക് തൊടാനോ മണക്കാനോ സാധിക്കില്ല അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് എം. മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാരം ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ബോൺഴൂർ മയ്യഴി പ്രദർശിപ്പിച്ചു.