സൂരജ് പി. നായരും മഞ്ജുശ്രീ പ്രവീണും എൻസിസി ബെസ്റ്റ് കേഡറ്റ്സ്
1464862
Tuesday, October 29, 2024 7:16 AM IST
കണ്ണൂർ: കോഴിക്കോട് നടന്ന എൻസിസി ഇന്റർ ഗ്രൂപ്പ് ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ കണ്ണൂർ 31 ബറ്റാലിയൻ എൻസിസിയുടെ രണ്ട് പേർ മികച്ച വിജയം നേടി. സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ ഇരിട്ടി എംജി കോളജ് വിദ്യാർഥി സൂരജ് പി. നായരും ജൂണിയർ വിംഗ് വിഭാഗത്തിൽ (ആർമി ) കണ്ണൂർ ആർമി പബ്ലിക് സ്കൂൾ വിദ്യാർഥിനി മഞ്ജുശ്രീ പ്രവീണും കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ബെസ്റ്റ് കേഡറ്റായി തെരഞ്ഞടുക്കപ്പെട്ടു.
ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ ഡ്രിൽ, ഫയറിംഗ്, എഴുത്ത് പരീഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ, ഫ്ലാഗ് ഏരിയ ബ്രീഫിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുക. സൂരജ് പി നായർക്കും മഞ്ജുശ്രീക്കും ഒഫിഷ്യേറ്റിംഗ് എൻസിസി അഡീഷണൽ ഡയറക്ടർ ബ്രിഗേഡിയർ എ.രാഗേഷ് ട്രോഫികൾ സമ്മാനിച്ചു.
ഇരിക്കൂർ നിവാസിയും വിമുക്ത ഭടനുമായ ടി.ബി. പ്രദീപന്റേയും ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക കെ.പി. രമണിയുടെയും മകനാണ് സൂരജ് പി. നായർ. എംജി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
മഹാരാഷ്ട്ര സ്വദേശികളായ കണ്ണൂർ ഡിഎസ്സി റിക്കാർഡ്സ് വിഭാഗത്തിലെ പ്രവീൺ പാട്ടിൽ-ഷർദ ദന്പതികളുടെ മകളാണ് മഞ്ജുശ്രീ. കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇരുവരെയും കണ്ണൂർ 31 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ അമർദീപ് സിംഗ് ബാലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ മുകേഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.