ബിജെപി മാർച്ചിൽ സംഘർഷം
1464861
Tuesday, October 29, 2024 7:16 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരേ ബിജെപിയുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി.
ഇന്നലെ രാവിലെ 11 ഓടെ മാരാർജി ഭവനിൽ നിന്ന് മുദ്രവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മുറിച്ച് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഉദ്ഘാടനത്തിനുശേഷം വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ജലപീരങ്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും യന്ത്രം തകരാറിലായതിരുന്നു. ഇതോടെ കൂടുതൽ പ്രവർത്തകരെത്തി ബാരിക്കേഡ് മറിച്ചിടാനൊരുങ്ങി. കൂടുതൽ പോലീസുകാരും സ്ഥലത്തെത്തി പ്രതിരോധം തീർത്തു.
ഇതിനുപിന്നാലെ പ്രകടനമായി പിന്തിരിഞ്ഞുപോയ പ്രവർത്തകർ താവക്കര ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. ഇതിനിടെ പോലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു. പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്ക് തർക്കവും ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പോലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചത്. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ അറസ്റ്റിലായവരെ വിട്ടുനൽകാനായി ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെയും നേതാക്കളെയും ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് സംഘർഷമൊഴിവായത്.
ബിജെപി പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിലേറെ ജില്ല പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗതാഗതം സ്തംഭിച്ചു. സംസ്ഥാന സെക്രട്ടറി പ്രകാശ്ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സമിതിയംഗം പി.സത്യപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയന് വട്ടിപ്രം, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.