സീതാറാം മിൽ ദേശത്തിന്റെ ഭീമൻ പുലികൾ
1590148
Tuesday, September 9, 2025 1:04 AM IST
തൃശൂർ: പൂങ്കുന്നം സീതാറാം മിൽ ദേശത്തിന്റെ പുലികളിൽ ഇത്തവണയും ഭീമൻ പുലികൾ ശ്രദ്ധേയരായി.
125 മുതൽ 137 കിലോവരെ ഭാരമുള്ള പുലികൾ അരമണികെട്ടിയാടി തെരുവുനിറഞ്ഞപ്പോൾ കാണികൾ കൈയടിച്ച് ആവേശം പകർന്നു.
തമിഴ്നാട് സ്വദേശിയും അരിന്പൂരിൽ താമസക്കാരനുമായ ബാ ലചന്ദ്രൻ പതിമൂന്നാം തവണയാണ് പുലിയായി ഇറങ്ങിയത്. 125 കിലോയോളം ഭാരമുള്ള ബാലചന്ദ്രൻ സണ്‍ഡേ ഹോളിഡേ, സൂര്യയുടെ പുതുതായി റീലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം എന്നിവയടക്കം നിരവധി സിനിമകളിലും പരിപാടികളിലും പുലിയായി എത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽനിന്ന് എത്തു ന്ന ജഗദീഷ് കുമാറിന് ഇത്തവണ പത്തൊന്പതാമൂഴമായി. 125 കിലോയോളം ഭാരമുള്ള ഇദ്ദേഹം, മൈക്ക് സെറ്റ് ജോലിയോടൊപ്പം തന്നെ പലയിടങ്ങളിലും പുലിവേഷം ഇട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ സിനിമയിൽ പുലിയായും നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
137 കിലോയോളം ഭാരമുള്ള ഭീമൻ പുലി അരുണ്‍ ഇത് അഞ്ചാം തവണയാണ് ഇറങ്ങിയത്. നേരത്തെ കാനാട്ടുകര ദേശത്തിനുവേണ്ടി വേഷമിട്ടിരുന്ന അരുണ്‍ ആദ്യമായാണ് സീതാറാം മിൽ ദേശത്തിനൊപ്പം ചേർന്നത്.
പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും അരുണ്‍ സജീവമാണ്. കുന്നത്തങ്ങാടിയിൽ കോഴിക്കട നടത്തുകയാണ് ഇദേഹം.