തൃക്കൂരിൽ കോൺഗ്രസ് മാർച്ച്, സംഘർഷം, പരിക്ക്
1589808
Sunday, September 7, 2025 7:21 AM IST
തൃക്കൂർ: കുന്നംകുളത്തു യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലിട്ടു മർദിച്ച സംഘത്തിൽ ഉണ്ടായിരുന്ന സീനിയർ സിപിഒ ശശിധരന്റെ തൃക്കൂരിലെ വീട്ടിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. രണ്ടുപേർക്കു പരിക്കേറ്റു.
തൃക്കൂർ ഗ്രാമപഞ്ചായത്തംഗം സലീഷ് ചെമ്പാറ, യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ ജോൺസൺ എന്നിവർക്കാണ് പരിക്കേറ്റത്. ശരീധരൻ ഉൾപ്പെടെയുള്ള പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കാനുളള ശ്രമത്തിനിടെയാണ് പ്രവർത്തകർക്കു പരിക്കേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുട്ടൻസിൽനിന്നാരംഭിച്ച മാർച്ച് എസ്എംഎസ് റോഡിലെ ശശിധരന്റെ വീടിനുസമീപം പോലീസ് സംഘം തടഞ്ഞു. തുടർന്നുനടന്ന ധർണ ഡിസിസി സെക്രട്ടറി കല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ അലക്സ് ചുക്കിരി, സുധൻ കാരയിൽ, ഡിസിസി സെക്രട്ടറി സെബി കൊടിയൻ, ഷെന്നി ആന്റോ പനോക്കാരൻ, പോൾസൺ തെക്കുംപീടിക തുടങ്ങിയവർ പ്രസംഗിച്ചു.