ആശംസാകാര്‍ഡുകള്‍ ഒരുക്കി നിപ്മറിലെ ഭിന്നശേഷിവിദ്യാര്‍ഥികള്‍
1589342
Friday, September 5, 2025 1:20 AM IST
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രിക്കായി ഓണാശംസാകാര്‍ഡുകള്‍ ഒരുക്കി നല്കിയ നിപ്മറിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടിയും മധുരവും സമ്മാനിച്ച് മന്ത്രി ഡോ. ആര്. ബിന്ദു. ചണം, വര്ണ്ണക്കടലാസുകള്, മുത്തുമണികള്‍ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാര്‍ഥികള്‍ ആകര്‍ഷകമായ ആയിരം ആശംസക്കാര്ഡുകള് പ്രിയപ്പെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആശംസകള്‍ അയയ്ക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു.
ഓണം മന്ത്രിയോടൊപ്പം ആഘോഷിക്കാന്‍ അവര്‍ എത്തിയപ്പോള്‍ സ്നേഹസമ്മാനമായി മന്ത്രി അവര്‍ക്ക് ഓണക്കോടിയും മധുരവും നല്കി. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേര്‍ന്നിരുന്നു. നിപ്മര്‍ ഡയറക്ടര്‍ ചന്ദ്രബാബുവും അധ്യാപകരും കൂടെ ഉണ്ടായിരുന്നു.
പെരിങ്ങൽക്കുത്ത്
ആദിവാസി ഉന്നതിയിൽ
അതിരപ്പിള്ളി: ഉത്രാടംനാളിൽ പെരിങ്ങൽക്കുത്ത് ആദിവാസി ഉന്നതിയിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ആദിവാസികളോടൊപ്പം ഓണാഘോഷ പരിപാടിയിലും ഓണസദ്യയിലും പങ്കെടുത്തു. ഉന്നതിയിൽ എത്തിയ എംഎൽഎയെ ഊരുമൂപ്പൻ കുമാരൻ കാട്ടുതേൻ നല്കി സ്വീകരിച്ചു.
തുടർന്ന് വിവിധതരം മത്സരങ്ങളും, സമ്മാനദാനവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്് കെ .എം. ജയചന്ദ്രൻ, മുൻ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. പുഷ്പാംഗദൻ, മുരളി ചക്കന്തറ, ജോമോൻ കാവുങ്കൽ, പഞ്ചായത്ത്മെമ്പർ മനു പോൾ , ബിജു പറമ്പി, സി.ഒ. ബേബി, കെ, എം വർഗീസ് , എം.വി. ഗിരീഷ്, ദളിത് കോൺഗ്രസ് പ്രസിഡന്റ്് സുലോചന രാജൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്് അനഘ കിഷോർ മനോജ് കൗമോത്ത് തുടങ്ങിയവർ പങ്കെടുത്തു.
അസോസിയേഷൻ ഓഫ്
കാത്തലിക്
എക്സ്പാട്രിയേറ്റ്സ്
ചാലക്കുടി: വെസ്റ്റ് ചാലക്കുടി അസോസിയേഷൻ ഓഫ് കാത്തലിക് എക്സ്പാട്രിയേറ്റ്സ്, ഓണാഘോഷം "ആർപ്പോ ഇർറോ' ആഘോഷിച്ചു.
ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന കഥാവതരണവും ഓണപ്പാട്ടുകളും കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു. പ്രസിഡന്റ്് ജീജോ അമ്പൂക്കൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോൺസൻ മുട്ടത്ത്, കൺവീനർ വിൽസൺ മറ്റത്തിൽ, ട്രഷറർ സോബി തരകൻ, കെ.എൽ.ജോസ് എന്നിവർ പ്രസംഗിച്ചു.
കൊടകര ഫൊറോന
ദേവാലയത്തില്‍
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ "പൊന്നോണോത്സവ് 2കെ25' സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ലിന്റോ കാരേക്കാടന്‍, കേന്ദ്ര സമിതി പ്രസിഡന്റ് വര്‍ഗീസ് ആലപ്പാടന്‍, കൈക്കാരന് ആന്റോ ചെതലന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിമുക്തി ഡി അഡിക്ഷൻ
സെന്ററിൽ
ചാലക്കുടി: ചാലക്കുടി താലൂക്ക് ഹോസ്പിറ്റലിലെ വിമുക്തി ഡി - അഡിക്ഷൻ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.ജെ ജോജി അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ മുഖ്യാതിഥിയായിരുന്നു. റേഞ്ച് അസിസ്റ്റന്റ്് എക്സൈസ് ഇൻസ്പെക്ടർ കെ. കെ. രാജു ലഹരി വിരുദ്ധ സന്ദേശം നൽകി. കൗൺസിലർ ആലീസ് ഷിബു, ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. ജോർജ് കോലഞ്ചേരി, മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സാജു പാത്താടൻ എന്നിവർ പ്രസംഗിച്ചു.
താലൂക്ക് ആശുപത്രി പ്രവർത്തകർക്കും, വിമുക്തി ഡി - അഡിക്ഷൻ സെന്റർ രോഗികൾക്കും, ബൈസ്റ്റാൻഡേഴ്സിനും , ആശുപത്രി സന്ദർശകർക്കും മാവേലിയുടെ വേഷമണിഞ്ഞ ജോസഫ് ആൽവിൻ മധുരം വിതരണം ചെയ്തു. കെ.എം, അനിൽകുമാർ, സി.എ.ജോഷി, പി.പി. പ്രണേഷ് എന്നിവർ വിമുക്തി ലഘുലേഖ വിതരണം ചെയ്ത് പരിപാടിക്ക് നേതൃത്വം നൽകി.