പുലികള്‍ ആടിത്തിമര്‍ത്തു, ആരവംമുഴക്കി പുരുഷാരം
1589793
Sunday, September 7, 2025 7:20 AM IST
ഇരിങ്ങാലക്കുട: നഗരത്തെ വിറപ്പിക്കാനെത്തിയ പുലിക്കൂട്ടത്തിന് കാടിനോളം വൈവിധ്യം. അരമണികുലുക്കി, അലറിവിളിച്ച്, താളംചവിട്ടിയെത്തിയത് വരയന്‍പുലി, പുള്ളിപുലി, കരിമ്പുലി. വിവിധ പുലികള്‍ കൂട്ടമായി ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട നഗരത്തിലിറങ്ങി.
കൗതുകമുണര്‍ത്തി പെണ്‍പുലികളും അണിനിരന്നത് പുലികളിക്ക് ചാരുതപകര്‍ന്നു. ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലായിരുന്നു പുലിക്കളി ആഘോഷം. ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിച്ച പുലിക്കളി ആഘോഷ ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, പ്രവാസി വ്യവസായി സിന്‍സന്‍ ഫ്രാന്‍സിസ് തെക്കേത്തല, ഭാസി രാജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ എന്നിവര്‍ചേര്‍ന്ന് ഫ്ലാഗ്ഓഫ് ചെയ്തു.
പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും ചിന്തുകാവടികളും അടക്കം 300ല്‍പരം കലാകാരന്മാര് അണിനിരന്ന വര്‍ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര ബസ് സ്റ്റാൻഡ്, മെയിന്‍ റോഡ്, ഠാണാവ് വഴി വൈകിട്ട് ആറരയോടെ നഗരസഭ മൈതാനത്ത് എത്തിചേര്‍ന്നു.
ഡിജെ അടക്കം നിരവധി കലാപരിപാടികള്‍ നഗരസഭ മൈതാനത്ത് അരങ്ങേറി. പുലിക്കളി ആഘോഷ സമാപനസമ്മേളനം തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. ലിയോ താണിശേരിക്കാരന് അധ്യക്ഷതവഹിച്ചു.