ഗുരുവായൂരിൽ ഭക്തജനത്തിരക്ക്
1589803
Sunday, September 7, 2025 7:21 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഓണം അവധി തുടങ്ങിയതു മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവോണനാളിൽ ദർശനത്തിനും തിരുവോണ സദ്യയിൽ പങ്കെടുക്കാനുമായി ആയിരങ്ങളെത്തി. തിരുവോണ ദിനത്തിൽ പുലർച്ചെ 4.30 ന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് ആദ്യ ഓണപ്പുടവ സമർപ്പണം നടത്തി. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പണത്തിൽ പങ്കാളികളായി.
തിരുവോണ സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.പഴം പ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണമാണു നൽകിയത്. അന്നലക്ഷ്മി ഹാളിലും ഇതിനോടു ചേർന്നുള്ള താത്കാലിക പന്തലിലുമായി രാവിലെ ഒമ്പതോടെ സദ്യ തുടങ്ങി. ഉച്ചയ്ക്ക് രണ്ടിനുശേഷം ബുഫെ ആയാണ് ഭക്ഷണം നൽകിയത്. വൈകിട്ട് നാലുവരെ ഭക്ഷണം നൽകി. ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് മേളം അകമ്പടിയായി.തിരുവോണദിനത്തിൽ ഉച്ചപൂജയ്ക്ക് വിശേഷ വിഭവങ്ങളായി പഴംപ്രഥമനും പഴംനുറുക്കും ഭഗവാന് നിവേദിച്ചു.
വലതു കൈയിൽ ഓലക്കുടയും ഇടതു കൈയിൽ കമണ്ഡലുവുമായി നിൽക്കുന്ന വാമനന്റെ അലങ്കാരത്തിലായിരുന്നു ഗുരുവായൂരപ്പൻ. ഇന്നലെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും ക്ഷേത്രം വൈകിട്ട് ഒരു മണിക്കൂർ നേരത്തെ തുറക്കുന്നതും ഭക്തർക്ക് ഉപകാരപ്രദമായി.