ചെമ്പുപാത്ര മോഷ്ടാവിനെ നാട്ടുകാർ പിടികൂടി
1589889
Monday, September 8, 2025 1:50 AM IST
എരുമപ്പെട്ടി: വെള്ളറക്കാട് മണ്ണാംകുന്നിൽ ചെമ്പുപാത്രം മോഷ്ടിച്ചയാളെ നാട്ടുകാർ കെെയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പട്ടാമ്പി ഞാങ്ങാട്ടിരി തെക്കേതിൽ മുത്തു(മുഹമ്മദ് മുസ്തഫ - 47)വാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മണ്ണാംകുന്ന് പട്ടൂര് അനിൽകുമാറിന്റെ വീട്ടിൽനിന്നാണ് ഇയാൾ വലിയ ചെമ്പുപാത്രം മോഷ്ടിച്ചത്. വീടിന്റെ അടുക്കളയുടെ പുറത്തുള്ള ചായ്പിൽവച്ചിരുന്ന ചെമ്പുപാത്രമെടുത്ത് ചാക്കിൽപൊതിഞ്ഞ് ഇയാൾ എത്തിയ സ്കൂട്ടറിൽ കൊണ്ടുപോകുവാനാണ് ശ്രമിച്ചത്.
അപ്രതീക്ഷിതമായി പുറത്തിറങ്ങിയ വീട്ടുകാർ ഇതുകാണുകയും നാട്ടുകാരെ വിളിച്ചുകൂട്ടി ഇയാളെ പിടികൂടുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി എസ്ഐ വി.എ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നാണ് നിഗമനം. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീട്ടുപകരണങ്ങളും വാഹനങ്ങളുടെ ബാറ്ററിയും മോഷണംപോകുന്നത് പതിവായിട്ടുണ്ട്.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം വേലൂരിലെ ജല്വറിയിൽനിന്ന് മൂന്നുപവന്റെ സ്വർണമാലയെടുത്ത് മോഷ്ടാവ് ഓടിരക്ഷപ്പെട്ടിരുന്നു.