പുലിക്കളി കാണാൻ 11 രാജ്യങ്ങളിൽനിന്നുള്ളവർ
1589895
Monday, September 8, 2025 1:50 AM IST
തൃശൂർ: പുലിക്കളി കാണാൻ ഇക്കുറിയെത്തുന്നത് പതിനൊന്നു രാജ്യങ്ങളിൽനിന്നുള്ള സംഘം. സർക്കാരിന്റെ അതിഥികളായ ഇവർ ഇന്നലെ തൃശൂരിലെത്തി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ളബിന്റെ സംഘാടനത്തിലാണ് വിദേശ ടൂറിസം പ്രതിനിധി സംഘം എത്തുന്നത്. യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, തായ്വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കൾ, അക്കാദമീഷ്യൻമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരാണ് സംഘത്തിലുള്ളത്.
അന്താരാഷ്ട്ര വിനോദസഞ്ചാര സംഘവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥ സംഘവുമടങ്ങുന്ന പ്രത്യേക സംഘം തൃശൂരിന്റെ തനത് പുലിക്കളിയെ നേരിട്ടറിയുകയും ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. സീതാറാംമിൽ ലൈൻ ദേശത്തെ പുലിക്കളിയൊരുക്കങ്ങളാണ് സംഘം സന്ദർശിക്കുന്ന പ്രധാന കേന്ദ്രം.
രാവിലെ പത്തോടെ സംഘത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. പുലിക്കളി മെയ്യെഴുത്ത്, ചുവട്, താളം എന്നിവ അറിയുകയും പുലികളുമായി സംഘം സംവദിക്കുകയും ചെയ്യും. ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘം കേരളം സന്ദർശിക്കുന്നത്.
സുരേഷ് ഗോപിയില്ല; ക്ഷമചോദിച്ച് സന്ദേശം
തൃശൂർ: അടിയന്തരമായി ഡൽഹിക്കു മടങ്ങേണ്ടിവന്നതിനാൽ ഇന്നുനടക്കുന്ന പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓണാഘോഷത്തിലും പുലിക്കളിക്കും സാന്നിധ്യം പ്രതീക്ഷിച്ചവരോടു ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡൽഹിക്കു മടങ്ങുന്നത്. ഇന്നു വൈകീട്ടു നാലുമുതൽ നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി.
ഇരിങ്ങാലക്കുടയിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനും കേന്ദ്രമന്ത്രി എത്തില്ല. ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിനിനുകൂടി സ്റ്റോപ് അനുവദിക്കാനുള്ള ശ്രമത്തിലാണെന്നും അതിന്റെ ഫ്ലാഗ് ഒാഫ് ഒന്നിച്ച് ആഘോഷത്തോടെ നടത്താമെന്നും രാജ്യത്തിന്റെ ആവശ്യത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിച്ചു.
പുലിക്കളി സംഘങ്ങൾക്ക് മൂന്നുലക്ഷംവീതം കേന്ദ്രസഹായം
തൃശൂർ: പുലിക്കളി സംഘങ്ങൾക്കു കേന്ദ്ര ധനസഹായം അനുവദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ സംഘത്തിനും മൂന്നുലക്ഷം വീതമാണ് അനുവദിച്ചതെന്നു സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
പുലിക്കളി സംഘങ്ങൾക്കു തന്റെവക ഓണസമ്മാനമാണിതെന്നും തഞ്ചാവൂർ സൗത്ത് സോണ് കൾച്ചറൽ സെന്റർ പുലിക്കളി സംഘങ്ങൾക്ക് ഒരുലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.