പാലിയേക്കരയിൽ ടെന്പോ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്
1589897
Monday, September 8, 2025 1:50 AM IST
പാലിയേക്കര: ടോൾ പ്ലാസയ്ക്കു സമീപം ടെന്പോ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്കേറ്റു. ട്രാവലറിലെ യാത്രക്കാരായ നാലുപേർക്കും ബസ് ഡ്രൈവർക്കുമാണു പരിക്കേറ്റത്. ഇതിൽ ബസ് ഡ്രൈവർക്കും ട്രാവലറിലെ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മടവാക്കരയിൽനിന്ന് ഇഞ്ചക്കുണ്ടിലേക്ക് പോയിരുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് യൂ ടേൺ തിരിയുന്നതിനിടെ ട്രാവലർ വന്നിടിക്കുകയായിരുന്നു.
അഹമ്മദബാദിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. നെടുമ്പാ ശേരി എയർപോർട്ടിൽ നിന്നാണു സംഘം ഗുരുവായൂരി ലേക്കുപോയത്. 16 പേരാണു ട്രാവലറിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശത്ത് ഇരുന്നവർക്കാണു പരിക്കേറ്റത്. ബസ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ടെന്പോ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. പുതുക്കാട് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഏറെനേരം ഗതാഗത തടസം നേരിട്ടു. അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ എത്തിച്ചാണു നീക്കിയത്.