പെരിഞ്ഞനത്ത് ട്രെയിലർ ലോറിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
1590142
Tuesday, September 9, 2025 1:04 AM IST
കൊറ്റംകുളം: ദേശീയപാത നിർമാണക്കമ്പനിയുടെ വലിയ ടാറിംഗ് മെഷീൻ കൊണ്ടുപോയിരുന്ന ട്രെയിലർ ലോറിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ പെരിഞ്ഞനം യമുന കാസ്റ്റിലിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആലുവ സ്വദേശികളായ നബീൽ(36), ഭാര്യ നൂറിയ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിലർ ലോറിയുടെ വീതിയേക്കാൾ നാലടിയോളം വലത്തോട്ടും ഇടത്തോട്ടും തള്ളി നിൽക്കുന്ന നിലയിലായിരുന്നു ടാറിംഗ് മെഷീൻ, ഇതാണ് അപകടത്തിനിടയാക്കിയത്. മെഷീന്റെ ഈ ഭാഗമാണ് കാറിലിടിച്ചത്. തള്ളിനിൽകുന്ന ഭാഗത്ത് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ലോറിയുടെ ഹെഡ്ലൈറ്റ് ഹൈ ബീമിൽ ആയിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ പറഞ്ഞു.
കാറിന്റെ വലതുഭാഗം തകർന്ന നിലയിലാണ്.
ദേശീയപാത നിർമാണക്കമ്പനിയുടെ പിഴവുകൾ കാരണം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കരാർ കമ്പനിയുടെ തെറ്റുകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.