റോഡരികില്‍ മരണക്കെണിയായിരുന്ന ഇരുമ്പുപൈപ്പ് നീക്കി
1589902
Monday, September 8, 2025 1:50 AM IST
വെള്ളിക്കുളങ്ങര: യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികില്‍ ഉയര്‍ന്നു നിന്നിരുന്ന ഇരുമ്പുപൈപ്പ് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ മുറിച്ചു നീക്കി.
വെള്ളിക്കുളങ്ങര മാവിന്‍ചുവടിനു സമീപമുള്ള വിമല സ്കൂളിനു മുന്‍വശത്താണ് റോഡിനോടു ചേര്‍ന്ന് ഉപയോഗശൂന്യമായ കുഴല്‍ക്കിണറിന്റെ ഇരുമ്പുപൈപ്പ് ഉയര്‍ന്നു നിന്നിരുന്നത്.
കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും മരണക്കെണി തീര്‍ക്കുന്ന ഈ കുഴല്‍ക്കിണര്‍ അപകട സാധ്യത കണക്കിലെടുത്ത് എത്രയുംവേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് സജീവ്കുമാര്‍ പൈങ്കയില് കഴിഞ്ഞ ഫെബ്രുവരിയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വാര്‍ഡംഗം കെ.ആര്.ഔസേഫ് ഈ വിഷയം പഞ്ചായത്ത് ഭരണസമതി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അപകട ഭീഷണിയായ കുഴല്‍ക്കിണര്‍ പൈപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എറണാകുളം ഇടപ്പള്ളിയിലുള്ള കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്തുനല്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാതെ വന്ന സാഹചര്യത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. നിജില്‍, സാമൂഹിക പ്രവര്ത്തകന് സജീവ്കുമാര്‍ പൈങ്കയില് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഇരുമ്പുപൈപ്പ് മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കി.