കുന്നംകുളം കസ്റ്റഡി മർദനം: ആളിക്കത്തിക്കാൻ കോണ്ഗ്രസ്
1589806
Sunday, September 7, 2025 7:21 AM IST
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനം ആളിക്കത്തിക്കാൻ രണ്ടും കല്പിച്ച് കോണ്ഗ്രസ്.
ആരോപണവിധേയനായ പോലീസുകാരന്റെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
ക്രൂരമർദനം നടത്തിയ പോലീസുകാർ കാക്കിയിട്ടു വീടിനു പുറത്തിറങ്ങില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും മർദനമേറ്റ സുജിത്തിനെ സന്ദർശിച്ചു. സുജിത്ത് ഒറ്റയ്ക്കല്ലെന്നും മുന്നോട്ടുള്ള പോരാട്ടത്തിനു പാർട്ടി ഒപ്പമുണ്ടാകുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്ഗ്രസ് നയിക്കുമെന്നു സതീശൻ പറഞ്ഞു. സുജിത്തിനെ തല്ലിയവർ കാക്കിയിട്ടു വീടിനു പറത്തിറങ്ങില്ലെന്നും മുന്നറിയിപ്പ് നൽകി.
സുജിത്തിനു ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്.
സുജിത്തിനെ തല്ലിയ പോലീസുകാരൻ ശശിധരന്റെ വീട്ടിലേക്കു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മാർച്ച് നടത്തി. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥൻ സജീവന്റെ വീടിനുമുന്പിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
തിരുവോണദിനത്തിൽ തൃശൂർ ഡിഐജി ഓഫീസിനുമുന്പിൽ യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു.
പോലീസുകാരെ സംരക്ഷിക്കുന്ന ഉന്നതല പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പ്രതിഷേധമായാണ് യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി ഡിഐജി ഓഫീസിനുമുന്നിൽ കുറ്റാരോപിതരായ പോലീസുകാർക്കു പ്രതീകാത്മകമായി കൊലച്ചോറ് വിളന്പി പ്രതിഷേധിച്ചത്.
ഉദ്യോഗസ്ഥരെ പുറത്താക്കാതെ സമരം നിർത്തില്ല: ജോസഫ് ടാജറ്റ്
തൃശൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് സുജിത്തിനെ മർദിച്ചവരെ സർവീസിൽനിന്നു പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ആദ്യം നടപടിയെടുത്തെന്നാണ് ഡിഐജി പറഞ്ഞത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്. അച്ചടക്കനടപടി ലേലംചെയ്ത് ഉറപ്പിക്കേണ്ടതല്ല. ഇപ്പോൾ സേനയിൽ ഇല്ലാത്ത അഞ്ചാമൻ സുഹൈറിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
അദ്ദേഹത്തെ സർവിസിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസേവകനായി ജോലിചെയ്യുന്ന പഴയന്നൂർ പഞ്ചായത്തിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തും. മാർച്ച് പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കോണ്ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി സുഹൈറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം; എട്ടുപേർ അറസ്റ്റിൽ
തൃക്കൂർ: കുന്നംകുളത്തു യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന സീനിയർ സിപിഒ ശശിധരൻ ഉൾപ്പെടെയുള്ള പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കണമെന്നവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് തൃക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. തൃക്കൂർ മുട്ടൻസിലെ ശശിധരന്റെ വീട്ടിലേക്കു നടത്തിയ മാർച്ചിനു നേതൃത്വം നൽകിയ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുട്ടൻസിൽനിന്നാരംഭിച്ച മാർച്ച് എസ്എംഎസ് റോഡിലെ ശശിധരന്റെ വീടിനുസമീപം പോലീസ് തടഞ്ഞു. തുടർന്നുനടന്ന ധർണ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ കാവല്ലൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെറോണ് ജോണ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും നടന്നു. ഒ.ജെ. ജനീഷ്, റിന്റോ കാവല്ലൂർ, എം.എ. അനീഷ്, പി.ബി. നിത്യാനന്ദൻ, ഹക്കീം ഇഖ്ബാൽ, ഔസേപ്പച്ചൻ, പ്രിൻസ് ഫ്രാൻസിസ്, വൈശാഖ് ഐത്താടൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.