സദ്യ വിളമ്പിയും ഓണക്കോടി സമ്മാനിച്ചും കാൊരട്ടി പാഥേയത്തിൽ ഓണാഘോഷം
1589789
Sunday, September 7, 2025 7:20 AM IST
കൊരട്ടി: വിശപ്പ് അകറ്റുന്നവരേയും വിശക്കുന്നവനും ഒന്നിച്ചിരുത്തി പാഥേയത്തിന്റെ ഓണസദ്യയും ഓണാഘോഷവും. വിശപ്പുരഹിത സന്ദേശംനല്കി കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പാഥേയമാണ് യാത്രക്കാര്‍ക്കും നിരാശ്രയര്ക്കുമായി തിരുവോണദിനത്തില്‍ 13 കറിക്കൂട്ടുകളുമായി ഓണസദ്യയൊരുക്കിയത്.
പതിവായി പാഥേയത്തില്നിന്നു പൊതിച്ചോറെടുത്ത് വിശപ്പകറ്റുന്നവർക്ക് പന്തലൊരുക്കിയാണ് ഓണസദ്യ വിളമ്പിയത്. യാത്രയ്ക്കിടയില്‍ ഭക്ഷണംകിട്ടാതെ വലഞ്ഞവരടക്കം ഒട്ടേറേപേര്‍ പാഥേയത്തിന്റെ ഭാഗമായി. ഓണം ഉണ്ണാനെത്തിയ നിരാശ്രയർക്ക് ഓണക്കോടിയും നല്‍കിയാണ് അവരെ തിരിച്ചയച്ചത്.
പാഥേയത്തില്നടന്ന ഓണാഘോഷം സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായിരുന്നു.
രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുളള പുരസ്കാരംനേടിയ ബൈജു പൗലോസ്, മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരംനേടിയ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ഡോ. സ്വാതി സുന്ദര്‍, ഡോ.കെ.ആര്. ദേവദാസ്, വൈഷ്ണവി ഡി.മംഗലം, മാധ്യമപ്രവര്ത്തകന് സുനില്‍ സരോവരം എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കെ.ആര്. സുമേഷ്, മഹല്ല് ഇമാം ഖാലിദ് ലത്വീഫി അല്‍ ആദര്‍ശി, കൊരട്ടി പള്ളി ട്രസ്റ്റി ജൂലിയസ് വെളിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.