ഏനാമാവിൽ പാലത്തിൽനിന്നു യുവതി പുഴയിൽചാടി
1589519
Saturday, September 6, 2025 11:30 PM IST
ഏനാമാവ്: കെട്ടുങ്ങലിൽ റെഗുലേറ്റർ പാലത്തിനു മുകളിൽ നിന്നു യുവതി പുഴയിൽ ചാടി. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.
റെഗുലേറ്റർ പാലത്തിൻ്റെ തെക്കേ അറ്റത്തു നിന്നായിരുന്നു പുഴയിൽ ചാടിയത്. ഉച്ചനേരമായതിനാൽ പാലത്തിൽ ആരും ഉണ്ടായിരുന്നില്ല. പുഴയോരത്ത് ഉണ്ടായിരുന്ന നാട്ടുകാരിൽ ഒരാൾ ആരോ പുഴയിൽ ചാടിയതായി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഏനാമാക്കൽ നെഹ്റു പാർക്ക് കെയർടേക്കറും റസ്ക്യൂ ടീം അംഗവുമായ രഞ്ജിനി അനിലൻ പോലീസിലും ഫയർഫോഴ്സിലും ഉടൻ വിവരമറിയിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മത്സ്യ തൊഴിലാളിയുമായ ഷാജു അമ്പലത്തും വിവരമറിഞ്ഞ് ഉടൻ സ്ഥലത്ത് എത്തി. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ പുഴയിൽ നിന്ന് യുവതിയെ കണ്ടെടുത്തു.
ജീവൻ്റെ തുടിപ്പ് കണ്ടതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ യുവതിയെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച യുവതിയെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭിച്ചിട്ടില്ല.