നേത്രദാനത്തിന് സമ്മതപത്രംനൽകി സത്യൻ അന്തിക്കാട്
1590135
Tuesday, September 9, 2025 1:04 AM IST
വാടാനപ്പിള്ളി: അവയവദാനം ഏറ്റവും അനിവാര്യവും മഹത്തരവുമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.
സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ ദേശീയ നേത്രദാനപക്ഷാചാരണത്തിന്റെ ഭാഗമായി നേത്രദാനം ചെയ്ത കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ സിനിമയും അവയവദാനവുമായി ബന്ധപ്പെട്ടതാണ്. അവയവദാനം സംബന്ധിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽവന്ന ഫോട്ടോ മകൻ അഖിൽ സത്യന്റെ ശ്രദ്ധയിൽപ്പെടുകയും ഇതിന്റെ പിറകിലെ സംഭവം കഥയാക്കുകയായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കണ്ണുകൾ ദാനംചെയ്യുന്ന സദ്കർമത്തിൽ താനും ഭാഗമാകുകയാണെന്നു പ്രഖ്യാപിച്ച് ഇതിനുള്ള സമ്മതപത്രം ഭാരവാഹികൾക്ക് കൈമാറിയാണ് സത്യൻ അന്തിക്കാട് മടങ്ങിയത്.
ചടങ്ങിൽ വികാരി ഫാ. അഡ്വ. ഏബിൾ ചിറമ്മൽ അധ്യക്ഷതവഹിച്ചു. അങ്കമാലി എൽഎഫ് ആശുപത്രി അസി. ഡയറക്ടർ ഫാ. പോൾസൺ തോമസ് മുഖ്യാതിഥിയായി. ജില്ല മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് കെ. ഗോപകുമാർ മുഖ്യപ്രഭാഷണംനടത്തി.
പ്രസിഡന്റ് എം.ടി. ഫ്രാൻസിസ്, കൺവീനർ അഡ്വ. പി.എഫ്. ജോയ്, എം.എൽ. സെബാസ്റ്റ്യൻ, സ്റ്ററിഷ് വിൻ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.