കല്ലൂരിൽ യുവാക്കളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
1589891
Monday, September 8, 2025 1:50 AM IST
പുതുക്കാട്: ബൈക്ക് യാത്രക്കാരന്റെ ഹെൽമെറ്റ് ഉയർത്തി നോക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർ അറസ്റ്റിൽ.
മുരിയാട് തോട്ടപ്പുറത്ത് വീട്ടിൽ സനീഷ്, വെളിയത്ത് വീട്ടിൽ അയ്യപ്പദാസ്, പെരിങ്ങോട്ടുകര താന്ന്യം ചാലിശേരിവീട്ടിൽ ക്രിസ്റ്റി, ചക്കാലക്കൽവീട്ടിൽ അരുൺ, സനീഷ് എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 8.45ന് കല്ലൂർ നായരങ്ങാടി സെന്ററിൽവച്ചായിരുന്നു സംഭവം.
പുത്തൂർ മരോട്ടിച്ചാൽ പുത്തിരിക്കൽ വീട്ടിൽ ഷിജു, സുഹൃത്തുക്കളായ അഞ്ചൽ, പ്രബിൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. അഞ്ചലിന്റെ സഹോദരി ഭർത്താവ് ശരൺജിത്തിനെ പ്രതികൾ തടഞ്ഞുനിർത്തുകയും ഹെൽമറ്റ് ഉയർത്തിനോക്കുകയും ചെയ്തത് ചോദ്യംചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സനീഷിന് ആളൂർ, വാടാനപ്പിള്ളി, കൊടകര പോലീസ് സ്റ്റേഷനിലായി ഒരു വധശ്രമക്കേസും നാല് അടിപിടികേസുമുൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അയ്യപ്പദാസ്, ക്രിസ്റ്റി, അരുൺ എന്നിവർ ആളൂർ, പുതുക്കാട്, അന്തിക്കാട് സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ച കേസുകളിൽ പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദം ഖാൻ, സബ് ഇൻസ്പെക്ടർ ആർ. വൈഷ്ണവ്, എഎസ്ഐ ജോബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.