കാട്ടാനയുടെ ശല്യംമൂലം തിരുവോണം ആഘോഷിക്കാനാകാതെ ഒരു കുടുംബം
1589799
Sunday, September 7, 2025 7:20 AM IST
വടക്കാഞ്ചേരി: കാട്ടാനയുടെ ശല്യംമൂലം തിരുവോണം ആഘോഷിക്കാനാകാതെ അകമലയിൽ ഒരു കുടുംബം. അകമല കുഴിയോട് വെള്ളാംകണ്ടത്തിൽവീട്ടിൽ ഗോവിന്ദൻകുട്ടിയുടെ വീട്ടുവളപ്പിലെ കൃഷികളാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്. രണ്ടര ഏക്കറോളംവരുന്നകൃഷിയിടത്തിനു ചുറ്റും സൗരവേലിസ്ഥാപിച്ചെങ്കിലും കാട്ടാനക്കൂട്ടം അതു തകർത്താണ് കൃഷിയിടത്തിലെത്തിയത്.
കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം നിരവധി വാഴകളും തെങ്ങിൻതൈകളുമാണ് നശിപ്പിച്ചത്. കൂടാതെ വീടിന്റെ മതിലും തകർത്താണു കാട്ടാനകൾ മടങ്ങിയത്. കഴിഞ്ഞ രണ്ടുവർഷമായി കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. പകൽ സമയത്തുപോലും കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണു വനത്തിലേക്കു കയറ്റിവിട്ടത്. ഇതോടെ ജനജീവിതം ദുരിതമായിരിക്കുകയാണ്. അധികൃതർക്കു പരാതി നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കൃഷിയിടത്തിലെ തൊഴിലാളി ഷാജൻ പറഞ്ഞു.