പൂരനഗരിയിൽ നാളെ പുലിക്കളി
1589807
Sunday, September 7, 2025 7:21 AM IST
തൃശൂർ: പുലിക്കളിക്ക് ഇത്തവണ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി കോർപറേഷൻ. കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ആദ്യമായാണു പുലിക്കളിക്ക് ഇത്രയും തുകയുടെ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്.
പുലിവരയ്ക്കും ചമയപ്രദര്‍ശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു ട്രോഫിയും കാഷ് പ്രൈസും കോര്‍പറേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
നാളെ ഉച്ചകഴിഞ്ഞു 4.30നു സ്വരാജ് റൗണ്ടിലെ തെക്കേഗോപുരനടയിൽ വെളിയന്നൂര്‍ ദേശം സംഘത്തിനു ജില്ലയിലെ മന്ത്രിമാരും എംഎല്‍എയും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്കു തുടക്കമാകും. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
മൊത്തം ഒന്‍പതു ടീമുകളാണുള്ളത്. ബിനി ജംഗ്ഷന്‍വഴി കുട്ടന്‍കുളങ്ങര ദേശവും കല്യാണ്‍ ജ്വല്ലേഴ്സിനു സമീപത്തുനിന്നു യുവജനസംഘം വിയ്യൂരും നടുവിലാല്‍ ജംഗ്ഷന്‍വഴി ശങ്കരംകുളങ്ങര, അയ്യന്തോൾ, ചക്കാമുക്ക്, സീതാറാം മില്‍ ദേശങ്ങളും നായ്ക്കനാല്‍ ജംഗ്ഷനിലൂടെ നായ്ക്കനാല്‍, പാട്ടുരായ്ക്കല്‍ ദേശങ്ങളും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
ഒരു പുലിക്കളിസംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും.
നിശ്ചലദൃശ്യ വാഹനങ്ങള്‍ വരുന്ന വഴികളിലെയും സ്വരാജ് റൗണ്ടിലെയും മരച്ചില്ലകളും മറ്റു തടസങ്ങളും നീക്കംചെയ്യുന്ന പണികൾ പുരോഗമിക്കുന്നു. സ്വരാജ് റൗണ്ടില്‍ വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കും.
പുലിക്കളിക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്കു യഥാക്രമം 62,500 രൂപ, 50,000 രൂപ, 43,750 രൂപയും നിശ്ചലദൃശ്യത്തിനു യഥാക്രമം 50,000 രൂപ, 43,750 രൂപ, 37,500 രൂപയും പുലിക്കൊട്ടിനും പുലിവേഷത്തിനും പുലിവണ്ടിക്കും യഥാക്രമം 12,500 രൂപ, 9375 രൂപ, 6250 രൂപയും സമ്മാനിക്കും. മികച്ച അച്ചടക്കം പാലിക്കുന്ന ടീമിനു 18,750 രൂപയും ട്രോഫികളും നല്‍കും. ഈ വര്‍ഷംമുതല്‍ പുലിവരയ്ക്കു യഥാക്രമം 12,500 രൂപ, 9,375 രൂപ, 6,250 രൂപയും നല്‍കും. ചമയപ്രദര്ശനത്തിനു പിടി ആഡ്സ് പരസ്യസ്ഥാപനത്തിന്റെ വകയായി യഥാക്രമം 25,001 രൂപ, 20,001 രൂപ, 15,001 രൂപയും വിതരണം ചെയ്യും.
ഒരോ പുലിക്കളിസംഘത്തിനും കോര്പറേഷന് 120 ലിറ്റര്‍ മണ്ണെണ്ണ നല്‍കും. പൊതുജനങ്ങള്‍ക്കായി സൗജന്യ കുടിവെള്ളവിതരണവും മെഡിക്കല്‍ സഹായവും ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തെ ഓണാഘോഷം 2025 വേദിയില്‍ സമ്മാനങ്ങൾ വിതരണംചെയ്യുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു.
ദേശങ്ങളിലെ പുലിമടകളിൽ പുലിയിറക്കത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. പുലിക്കളിയുടെ മുന്നോടിയായി പുലിച്ചമയപ്രദർശനം ആരംഭിച്ചിട്ടുണ്ട്. പുലിക്കൊട്ടിന്റെ പ്രാക്ടീസ് ഒന്‍പതു ദേശങ്ങളിൽനിന്നും രാപ്പകലില്ലാതെ ഉയരുന്നുണ്ട്.
നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി
തൃശൂർ: പുലിക്കളി പ്രമാണിച്ച് നാളെ ഉച്ചയ്ക്കുശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണസംഘങ്ങൾ ഉൾപ്പടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.