പുലി ഗർജനം: അന്പരപ്പിക്കുന്ന കാഴ്ചകളുമായി നിശ്ചലദൃശ്യങ്ങൾ
1590144
Tuesday, September 9, 2025 1:04 AM IST
തൃശൂർ: ഹോളിവുഡ് പുലികൾ സിനിമയിൽ ഒരുക്കുന്ന വിസ്മയക്കാഴ്ചകൾപോലെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യവിസ്മയങ്ങളാണ് ഇക്കുറി പുലിക്കളിക്ക് ഒമ്പതു ദേശങ്ങളും ഒരുക്കിയത്. ഓരോ നിശ്ചലദൃശ്യങ്ങളും റൗണ്ടിലൂടെ കടന്നുവരുന്പോൾ ആർപ്പുവിളികളോടെയാണ് ജനം വരവേറ്റത്.
ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയിൽ വിസ്മയംതീർത്ത അവതാറിന്റെ പുലിവണ്ടി നിശ്ചലദൃശ്യാവിഷ്കാരം അന്പരപ്പിക്കുന്നതായിരുന്നു. പുലിയും മീനും സം യോജിച്ച പുലിമീൻ ഇതുവരെ പുലിക്കളിക്ക് അവതരിപ്പിച്ചിട്ടില്ലാത്ത പുതുമയുള്ള ഫ്ളോട്ടുകളിലൊന്നായി. രാത്രി ലൈറ്റുകൾകൂടി തെളിഞ്ഞതോടെ പുലിമീൻ മിന്നിത്തിളങ്ങി. വ്യാളിയും വെള്ളക്കുതിരയും തമ്മിലുള്ള പോരാട്ടവും ആവേശക്കാഴ്ചയായി.
അനീതികൾക്കെതിരെ നീതിദേവതയുടെ പരിരക്ഷ എന്ന ടൈറ്റിലിൽ അവതരിപ്പിച്ച നിശ്ചലക്കാഴ്ച സമകാലിക കേരളത്തിന്റെ നേർക്കാഴ്ചയായി. പോക്സോ കേസുകളും മദ്യപാനവും മയക്കുമരുന്നുപയോഗവും ഇതിൽ പരാമർശിക്കപ്പെട്ടു. വൃത്തി ദി കേരള ക്ലീൻ 2025 കോണ്‍ക്ലേവിൽ മികച്ച കോർപറേഷനുകളിൽ രണ്ടാംസ്ഥാനം നേടിയ തൃശൂരിന് അഭിവാദ്യമർപ്പിച്ചും ഫ്ളോട്ട് ഉണ്ടായിരുന്നു.
ഹരിതകർമസേന നാടിന്റെ അഭിമാനമെന്നും മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയരുതെന്നും പറയുന്ന ഫ്ലോട്ട് ഏറെ ശ്രദ്ധയും കൈയടിയും നേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയുടെപ ശ്ചാത്തലവും മികച്ചതായി. സ്പോർട്സ് കാറിലും ബൈക്കിലും പുലികളെയിരുത്തി പുതിയ നിശ്ചലക്കാഴ്ച ഒരുക്കിയതും ഇത്തവണ സ്വീകാര്യതനേടി. ക്ഷേത്രവും ക്രിസ്ത്യൻ മുസ്ലീം ആരാധനാലയങ്ങളും ഒരു കൈക്കുമ്പിളിൽ ചേർത്തുവച്ച നിശ്ചലദൃശ്യം തൃശൂരിന്റെ സാംസ്കാരിക പെരുമ എടുത്തുകാട്ടി.