മണലിപുഴയിൽ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
1589521
Saturday, September 6, 2025 11:30 PM IST
പാലിയേക്കര: മണലി പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ പരേതനായ വിനോദിന്റ മകൻ നിധീഷ്(33) ആണ് മരിച്ചത്. ആമ്പല്ലൂർ സ്വദേശി ഓംബുള്ളി വീട്ടിൽ സുബിൻ, സഹോദരൻ സൂര്യൻ, മണലി സ്വദേശി പറമ്പൻ വീട്ടിൽ അബി എന്നിവർക്കാണ് പരിക്കേറ്റത്.
മണലി പാലത്തിനു സമീപത്തെ കടവിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിൽ നിന്ന് പടവുകളിലേക്ക് തലയിടിച്ച് വീണ നിധീഷിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിധീഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് നിന്നു ഫയർഫോഴ്സ് എത്തിയാണ് പുഴയിൽ വീണ ഓട്ടോറിക്ഷ ഉയർത്തിയത്. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ: പരേതനായ അമൽ.