പിങ്ക് പോലീസ് അടിപൊളി
1589794
Sunday, September 7, 2025 7:20 AM IST
ഇരിങ്ങാലക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു.
പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ബസുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനനടത്തുന്നുണ്ട്. നഗര കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂളുകള്‍, കോളജുകള്‍, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മേഖലകള്‍ എന്നിവിടങ്ങളില്‍ സ്ഥിര സാന്നിധ്യത്തോടെയാണ് പിങ്ക് പോലീസ് പട്രോളിംഗ് നടത്തുന്നത്.
പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനകളുണ്ട്. ജിപിഎസ് ട്രാക്കിംഗ് സംവിധാനവും കാമറ സംവിധാനം സജ്ജീകരിച്ചിട്ടുള്ള പിങ്ക് പട്രോളിംഗ് വാഹനങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമില്‍ നിരീക്ഷിക്കുന്നു.
തൃശൂര്‍ റൂറല്‍ ജില്ലയിലെ പിങ്ക് പോലീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിലാണ്. രണ്ട് വാഹനങ്ങളിൽ തൃശൂര്‍ റൂറല്‍ ജില്ല മുഴുവന്‍ സഞ്ചരിച്ചാണ് പട്രോളിംഗ് നടത്തുന്നത്. സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യയാണ് ജില്ലയില്‍ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പിങ്ക് വണ്ണില്‍ എഎസ്ഐ മാരായ ആഗ്നസ്, കവിത, അജത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സീമ, സിവില്‍ പോലീസ് ഓഫീസര്‍ സബിത എന്നിവരും പിങ്ക് ടുവില്‍ എഎസ്ഐമാരായ ദിജി, വാസല, മിനി, ബിന്ദു, ഗിരിജ എന്നിവരുമാണ് പ്രവര്‍ത്തിക്കുന്നത്.