നാടൊന്നിച്ചു; അപകടാവസ്ഥയിലായ രണ്ടു പാലങ്ങൾക്ക് പുതുജീവൻ
1590141
Tuesday, September 9, 2025 1:04 AM IST
കൊരട്ടി: നാടൊന്നിച്ചതോടെ തിരുമുടിക്കുന്ന് സ്രാമ്പിക്കൽ വാർഡിലെ കിഴക്കുമുറി ബ്രാഞ്ച് കനാലിനു കുറുകെ അപകടാവസ്ഥയിലായിരുന്ന രണ്ടു പാലങ്ങൾക്ക് പുതുജീവൻ.
തിരുമുടിക്കുന്ന് ഹെെറാർക്കി റോഡും പള്ളിയിലേക്കുള്ള വഴിയും ബന്ധിപ്പിക്കുന്ന കനാൽ പാലവും കണ്ടംകുളത്തി കനാൽ ബണ്ട് ലിങ്ക് റോഡും പെരേപ്പാടൻ റോഡും ബന്ധിപ്പിക്കുന്ന കനാൽ പാലവുമാണ് വാർഡ് മെമ്പർ ബിജോയ് പെരേപ്പാടന്റേയും പ്രദേശവാസികളുടെയും ശ്രമഫലമായി പുനരുദ്ധരിച്ചത്. സുമനസുകളുടെ സാമ്പത്തിക സഹായവും മെമ്പർക്ക് ലഭിച്ച ഓണറേറിയവും വഴിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. ഇടുങ്ങിയ ഇരുപാലങ്ങളും വലിയ വാഹനങ്ങൾ കടന്നുപോകാവുന്ന രീതിയിലാണ് നവീകരിച്ചിരിക്കുന്നത്.
പാലത്തിന്റെ കൈവരികൾ അടക്കം അപകടാവസ്ഥയിലാണെന്നും കാലപ്പഴക്കം കൊണ്ട് ജീർണത ബാധിച്ചെന്നും പാലം വീതി കൂട്ടി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് മാസങ്ങൾക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്നാണ് ജനകീയ ഇടപെടൽ.
ഒട്ടേറെ ജനങ്ങൾക്ക് ആശ്വാസമാകുന്ന നവീകരിച്ച ഇരുപാലങ്ങളുടെയും ഉദ്ഘാടനം ഈയാഴ്ച നടക്കും.