സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് മങ്ങല്‍
1589900
Monday, September 8, 2025 1:50 AM IST
ഇരിങ്ങാലക്കുട: ശുചിത്വത്തിനും മാലിന്യ പരിപാലനത്തിനും പരിസ്ഥിതി സൗഹാര്‍ദത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ അലക്ഷ്യമായ നിലയില്‍ മാലിന്യക്കൂമ്പാരം. ആശുപത്രിയിലുള്ള ഹരിതകര്‍മസേനയുടെ സംഭരണശാലയ്ക്ക് തൊട്ടരികിലായാണ് മാലിന്യങ്ങള്‍ അലക്ഷ്യമായ രീതിയില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ആശുപത്രിവേസ്റ്റും പ്ലാസ്റ്റിക്കും ഗ്ലൗസും വരെ ഇവിടെ കാണാം. ഒഴിഞ്ഞിരിക്കുന്ന ബക്കറ്റില്‍ കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ പാകത്തില്‍ വെള്ളവുമുണ്ട്. മാലിന്യസംഭരണശാലയില്‍ ഗ്ലാസ്, കുപ്പി തുടങ്ങി ഇ-വേസ്റ്റ് മാലിന്യങ്ങളെല്ലാം സംഭരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനും പേപ്പര്‍ മാലിന്യം സംഭരിക്കുന്നതിനുമെല്ലാം പ്രത്യേകമായി മുറികളുണ്ട്. ഈ മുറികളെല്ലാം താഴിട്ട് പൂട്ടിയിട്ടുമുണ്ട്.
ഇതിന് തൊട്ടടുത്തായി നിര്‍മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞും കെട്ടിടത്തിന്റെ സൈഡിലും പുറത്ത് വിരിച്ചിരിക്കുന്ന ടൈലിലുമെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞുകിടപ്പാണ്. മോര്‍ച്ചറിയുടെ സൈഡിലാകട്ടെ പൊട്ടിയ ക്ലോസറ്റുവരെ കിടപ്പുണ്ട്.
കഴിഞ്ഞമാസമാണ് ജനറല്‍ ആശുപത്രി സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്കുന്ന കായകല്‍പ്പ് അവാര്‍ഡും പരിസ്ഥിതി സൗഹാര്‍ദ അവാര്‍ഡും കരസ്ഥമാക്കിയത്.
എറണാകുളം ജനറല്‍ ആശുപത്രിയുമായി കായകല്‍പ്പ് അവാര്‍ഡ് പങ്കിട്ട് അവാര്‍ഡ് തുകയായ 25 ലക്ഷം രൂപയും പരിസ്ഥിതി സൗഹാര്‍ദ അവാര്‍ഡ് തുകയായ 10 ലക്ഷം രൂപയും ജനറല്‍ ആശുപത്രി സ്വന്തമാക്കിയിരുന്നു. ശുചിത്വവും പരിസ്ഥിതി സൗഹാര്‍ദവും ഉറപ്പുവരുത്താന്‍ ആശുപത്രി അധികൃതര്‍ വിട്ടുവീഴ്ചയില്ലാതെ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച അവാര്‍ഡുകളെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ ഇവിടെ മാലിന്യങ്ങള്‍ കിടക്കുന്നത്.
ആശുപത്രിയിലെ ഈ മാലിന്യ കാഴ്ചകള്‍ ബന്ധപ്പെട്ട അധികൃതരുടെ കണ്ണില്പ്പെടാത്തതാണെങ്കില് സംസ്ഥാന അവാര്‍ഡുകളുടെ തിളക്കത്തിന് ഒട്ടും മങ്ങലേല്‍ക്കാത്ത വിധം മാലിന്യ നിര്‍മാര്‍ജന രീതികള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.