കൊരട്ടി ഫൊറോന പള്ളിയിൽ മാതാവിന്റെ ജനനത്തിരുനാളും ഇടവകദിനവും എട്ടിന്
1589343
Friday, September 5, 2025 1:20 AM IST
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും ഇടവകദിനവും എട്ടിനു സമുചിതമായി ആഘോഷിക്കും. ഏഴിനു വൈകീട്ട് 4.45 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.
ജനനത്തിരുനാളും ഇടവകദിനവും ആഘോഷിക്കുന്ന എട്ടിന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഇടവകയിലെ വൈദികർ കാർമികരാകും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്.
ഭക്തജനങ്ങളുടെ സൗകര്യാർഥം ഉച്ചതിരിഞ്ഞ് മൂന്നുമണിവരെ നേർച്ചസദ്യ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് 4.45 ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 18, 19, 20 തീയതികളിൽ നാല്പതുമണി ആരാധനയും 22 മുതൽ 26 വരെ വചനസായാഹ്നവും ഒരുക്കിയിട്ടുണ്ട്.