നാഥനില്ല, ജീവനക്കാര്‍ മാത്രം
1590138
Tuesday, September 9, 2025 1:04 AM IST
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസിന് നാഥനില്ലാതായിട്ട് ഒന്‍പത് മാസം. നേരത്തെ ഉണ്ടായിരുന്ന അസി. രജിസ്ട്രാര്‍ സ്ഥാനക്കയറ്റം കിട്ടി പോയതോടെയാണ് 2024 ഒക്ടോബര്‍ മുതല്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ താലൂക്ക് സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസിന് നാഥനില്ലാതായത്.
ഇതിനിടയില്‍ ഒരാളെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും ഒരുമാസത്തിനകം അദ്ദേഹം സ്ഥലംമാറ്റം വാങ്ങിപ്പോയി.
ജോലിഭാരവും വിവിധ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും മറ്റുമായി മറുപടി പറയേണ്ടിവരുന്നതും ഇവിടേയ്ക്ക് വരുന്നവരെ മടുപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
നിലവില്‍ കൊടുങ്ങല്ലൂര്‍ അസി. രജിസ്ട്രാര്‍ക്കും തൃശൂര്‍ ജോ. രജിസ്ട്രാര്‍ ഓഫീസിലെ എആര്മാര്ക്കും അസി. ഡയറക്ടര്‍ ഓഫീസിലെ അസി. ഡയറക്ടര്‍ക്കുമെല്ലാം മാറിമാറി ഇവിടത്തെ എആറിന്റെ ചുമതലകള്‍ നല്കിവരുകയാണ്. ഇത് നല്ലതല്ലെന്നും എആര്‍ നിര്‍ബന്ധമായും വേണ്ട ഒരു താലൂക്കാണ് മുകുന്ദപുരമെന്നും ജീവനക്കാര്‍ത്തന്നെ പറയുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക്, ഇരിങ്ങാലക്കുട ഐടിയു ബാങ്ക് അടക്കം നിരവധി വിഷയങ്ങള്‍ ഇപ്പോഴും ജനമധ്യത്തില്‍ സജീവമായി നില്‍ക്കുകയാണ്. നിരവധി നിക്ഷേപങ്ങളുള്ള സംഘങ്ങള്‍ താലൂക്കില്‍ ഒട്ടേറെയാണ്. 197 സംഘങ്ങളാണ് സഹകരണ രജിസ്ട്രാര്‍ ഓഫീസിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20 എണ്ണം നാമമാത്രമായി പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ 177 സംഘങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ്. ഈ സംഘങ്ങളുടെയെല്ലാം ഭരണം നടത്തേണ്ടതിന്റെ പൂര്‍ണ ചുമതല മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ക്കാണ്.
സ്ഥിരം എആര്‍ ഇല്ലാതായതോടെ റിസ്ക് ഫണ്ടിന്റേയും മറ്റ് അപേക്ഷകളിലും നടപടികള്‍ വൈകുകയാണെന്നും ആക്ഷേപമുണ്ട്. അതിനാല്‍ എത്രയും വേഗം ജോ. രജിസ്ട്രാറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സഹകരണ സംഘങ്ങളുടെ ആവശ്യം.