തൃപ്രയാർ ജലോത്സവം: ഗരുഡൻ, സെന്റ് സെബാസ്റ്റ്യൻ ജേതാക്കൾ
1589801
Sunday, September 7, 2025 7:20 AM IST
തൃപ്രയാർ: കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി. ജലോത്സവം കാണാൻ നിരവധിപേരാണ് കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്. ജലോത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിനു മുന്നോടിയായുള്ള ജലഘോഷയാത്ര സി.സി. മുകുന്ദൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ്, അന്തിക്കാട്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശിധരൻ, കെ.സി. പ്രസാദ്, നാട്ടിക, താന്ന്യം ഗ്രാമപഞ്ചായത്ത് പ്ര സിഡന്റുമാരായ എം.ആർ. ദിനേശൻ, ശുഭ സുരേഷ്, ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ, സംഘാടകസമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ പ്രസംഗിച്ചു.
എ, ബി ഗ്രേഡുകളിലായി നടന്ന ജലോത്സവത്തിൽ 21 ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ പങ്കെടുത്തു. എ ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി കൊച്ചിൻ ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും വടക്കൻ ബ്രദേഴ്സ് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ തൊയക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ്് സെബാസ്റ്റ്യൻ നമ്പർ 2 ഒന്നാംസ്ഥാനവും ജെബിസി ജലസംഘം ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് രണ്ടാംസ്ഥാനവും നേടി. വിജയികൾക്ക് ഇ.ടി. ടൈസൺ എംഎൽഎ ട്രോഫി വിതരണം നടത്തി. ഏറ്റവും നല്ല ചെമ്മീൻ കർഷകനായി സർക്കാരിന്റെ അവാർഡ് നേടിയ ഷൈൻ ടി. ഭാസ്കരനെ ആദരിച്ചു.