പടിയത്തെ ബസ് കാത്തിരിപ്പുകേന്ദ്രം വേറെ ലെവൽ
1590133
Tuesday, September 9, 2025 1:04 AM IST
അന്തിക്കാട്: പഞ്ചായത്തിലെ പടിയത്ത് നിർമിച്ച ഈ ബസ് കാത്തിരിപ്പുന്ദ്രത്തിലെത്തുന്നവർക്ക് അൽപംപോലും ബോറടിക്കില്ല.
പടിയം ആശാരിമൂലയിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം വിവിധ സേവനങ്ങൾ ഒരുക്കിയാണ് നാട്ടുകാർക്ക് ഓണസമ്മാനമായി സമർപ്പിച്ചത്. ലൈറ്റ്, ഫാൻ, എഫ്എം റേഡിയോ, പുസ്തകം, കുടിവെള്ളം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവർക്ക് ലഭിക്കുക. ലൈറ്റും ഫാനിനും പുറമെ മൊബൈൽ ഫോൺ ചാർജുചെയ്യാനുള്ള പോയിന്റുകളുമുണ്ട്. പടിയം സാംസ്കാരികവേദിയിലെ അംഗങ്ങൾ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ആശാരിമൂലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ചത്.
ആളുകൾക്ക് ഗുണംചെയ്യുന്ന രീതിയിൽവേണം കാത്തിരിപ്പകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിക്കേണ്ടതെന്ന് സംഘാടകർക്ക് നിർബന്ധമുണ്ടായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമായി നാല് സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രത്തിലേക്കുവേണ്ട വൈദ്യുതിക്കായി ഇവിടെത്തന്നെ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്.
മനോഹരമായ പൂന്തോട്ടവും കേന്ദ്രത്തിനുസമീപം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിക്കായുള്ള പണം കണ്ടെത്താനായി ഇവിടെ ഒരു എൽഇഡി പരസ്യ ബോർഡും ഒരുക്കിയിട്ടുണ്ട്. ഇതിൽ പരസ്യംചെയ്യുന്ന ആളുകൾ നൽകുന്ന പണം നടത്തിപ്പു കാര്യങ്ങൾക്കായി ഉപയോഗിക്കും. 1.70 ലക്ഷം രൂപയ്ക്കാണ് ബസ് കാത്തിരുപ്പുകേന്ദ്രം പണിതീർത്തത്. നിർമാണവസ്തുക്കൾക്ക് മാത്രമാണ് ആകെ പണം ചെലവായത്. തൊഴിലാളികൾ ആരും കൂലി വാങ്ങാതെയാണ് കാത്തിരിപ്പുകേന്ദ്രം നിർമാണത്തിന് സഹകരിച്ചത്. ഈ റൂട്ടിൽ ആകെ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകൾ ഇല്ലാത്ത സമയത്ത് കാത്തിരിപ്പുകേന്ദ്രം ഒരു മിനി വായനശാലയാക്കാനാണ് നാട്ടുകാരുടെ പദ്ധതി.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ മേനക മധു നിർവഹിച്ചു. കൺവീനർ സുധനൻ എരണേഴത്ത്, രാജീവ് സുകുമാരൻ, വിശ്വനാഥൻ പള്ളിപ്പറമ്പിൽ, ശങ്കരനാരായണൻ പള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.