ഉത്രാടദിനത്തിലെ സ്നേഹയൂട്ട്: രമേശിന്റെ നന്മ 20 ആണ്ട് പിന്നിടുന്നു
1589800
Sunday, September 7, 2025 7:20 AM IST
അരിമ്പൂർ: ഇരുപതു വർഷമായി ഉത്രാട ദിനത്തിൽ എല്ലാവർക്കും സൗജന്യമായി സദ്യയൊരുക്കി നൽകുന്ന ഒരു ഹോട്ടലുണ്ട്.
സദ്യ കഴിക്കാനെത്തുന്നവർ നൽകുന്ന സംഭാവന ഉപയോഗിച്ച് നാട്ടിലെ അവശത അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി സഹായിക്കുകയാണ് ഈ ദിവസത്തെ കച്ചവടത്തിന്റെ ലക്ഷ്യം. ഓണക്കാലത്ത് ഉത്രാടദിനത്തിൽ അരിമ്പൂർ പഞ്ചായത്തിലെ എറവ് ശ്രേയസ് ഹോട്ടലിലാണ് ഈ സ്നേഹയൂട്ട്. ഈ ദിവസം ചോറും 20 തരം കറികളും പ്രഥമനും എല്ലാം യഥേഷ്ടം. ഹോട്ടലിന്റെ ഉടമ രമേഷിന് സഹായത്തിനായി അന്നേദിവസം വ്യാപാരികളും സുഹൃത്തുക്കളും ജനപ്രതിനിധികളും അടക്കം നിരവധിപേർ ഉണ്ടാകും.
സൗജന്യമായി കഴിക്കുന്ന ഭക്ഷണത്തിനൊപ്പം സമൂഹത്തിനുവേണ്ടി നന്മകൾ ചെയ്യാനാണ് ഓരോരുത്തരും രമേഷിന്റെ ഹോ ട്ടലിൽ വരുന്നത്. അന്നേദിവസം ഇവിടുത്തെ പണപ്പെട്ടി അടഞ്ഞാ ണു കിടക്കുക. പക്ഷേ, ഭക്ഷണം കഴിച്ച ശേഷം ആളുകൾ ഒരു ഊണിന്റെ പൈസക്ക് പകരം നാലും അഞ്ചും ഇരട്ടിവരെ അവിടെ വച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കും.
ഇങ്ങനെ ലഭിക്കുന്ന പണമെല്ലാം അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ഒരാൾക്ക് ചികിത്സാ സഹായമായി നൽകുകയാണ് പതിവ്. അതിനാൽ ഇവിടുത്തെ ഉത്രാടസദ്യയിൽ പങ്കുകൊള്ളാൻ എത്തുന്നവർ രമേശിന്റെ കാരുണ്യപ്രവൃത്തിയിൽ അവരുടെ വിഹിതം ഏൽപ്പിക്കാനും കൂടിയുള്ള വരവാണ്.
തൃശൂർ കാഞ്ഞാണി സംസ്ഥാന പാതയോടുചേർന്ന് 45 വർഷം മുൻപ് പഴയൊരു കെട്ടിടത്തിൽ ആരംഭിച്ചതാണ് ഇപ്പോഴുള്ള ശ്രേയസ് ഹോട്ടൽ. എറവ് പതിയത്ത് വേലായുധന്റെ മകൻ രമേഷ് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഹോട്ടലിന്റെ ചുമതല ഏറ്റെടുക്കുന്നത്.
20 വർഷം മുൻപ് നാട്ടിലെ സുഹൃത്തുക്കൾക്കും സാധു ജനങ്ങൾക്കും ഓണത്തിന് ഉത്രാടദിനം തന്റെ വക സൗജന്യമായി ഒരു ഓണസദ്യ നൽകിക്കൊണ്ടായിരുന്നു കാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം.
ഈ വർഷത്തെ ഉത്രാട സദ്യയിൽനിന്നും പിരിഞ്ഞു കിട്ടിയ 42,000 രൂപ പ്രദേശവാസിയായ യുവാവിന്റെ ചികിത്സാസഹായനിയിലേക്കു കൈമാറി.