ഇടിയൻ പോലീസുകാരുടെ ലുക്കൗട്ട് നോട്ടീസ് ഇറക്കും: ജോസഫ് ടാജറ്റ്
1589896
Monday, September 8, 2025 1:50 AM IST
പട്ടിക്കാട്: ജില്ലയിലെ ഇടയൻ പോലീസുകാരുടെ ലുക്കൗട്ട് നോട്ടീസ് കോണ്ഗ്രസ് പുറത്തിറക്കുമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിനെയും കൂട്ടാളികളെയും സർവീസിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പീച്ചി പോലീസ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടലുടമയ്ക്കും മകനും നേരേ മൃഗീയമർദനമുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളുടെയും സ്ഥിതിയിതാണ്. എൽഡിഎഫ് സർക്കാർ ജനങ്ങളുടെമേൽ നരനായാട്ടു നടത്തുകയാണെങ്കിൽ കോണ്ഗ്രസ് ശക്തമായ സമരങ്ങളുമായി പ്രതിരോധിക്കുമെന്നും കുന്നംകുളം സംഭവത്തിൽ കാണാമറയത്തു നിൽക്കുന്ന അഞ്ചാമൻ ഷുഹൈറിനെ തദ്ദേശവകുപ്പിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഴയന്നൂർ പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തുമെന്നും ടാജറ്റ് പറഞ്ഞു.
പാണഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. വിജയകുമാർ, നേതാക്കളായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. സിജോ കടവിൽ, എം.എൽ. ബേബി, ഭാസ്കരൻ ആദങ്കാവിൽ, കെ.സി. അഭിലാഷ്, ലീലാമ്മ, കെ.പി.ചാക്കോച്ചൻ, ജേക്കബ് പോൾ, റോയി കെ. ദേവസി, കെ.പി. എൽദോസ്, ഷിബു പോൾ, മിനി നിജോ, മിനി വിനോദ്, ജിത്ത് ചാക്കോ, റെജി പാണംകുടി, ബ്ലസൻ വർഗീസ്, ശ്രീരാഗ് ഷൈജു കുരിയൻ, സി.എസ്. പ്രിജു, അപർണ, കെ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.