കടാംതോട് പാലം അപകടഭീഷണിയിൽ
1590131
Tuesday, September 9, 2025 1:04 AM IST
പറപ്പൂർ: കടാംതോട് പാലം അപകടഭീഷണിയിൽ. 88 വർഷം പൂർത്തിയായ പാലത്തിന്റെ പുനർനിർമാണത്തെപ്പറ്റി 20 വർഷത്തിലധികമായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും നിർമാണ അനുമതിപോലും ഇതുവരെ ആയിട്ടില്ല.
കാലാവധികഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട പാലം അസ്ഥിവാരമിളകിയും കൈവരികൾ നശിച്ച അവസ്ഥയിലുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയിലും പാലത്തിന് ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. ബജറ്റുകളിലെല്ലാം പാലം നിർമാണത്തിന് ടോക്കൺ തുക വകയിരുത്തുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ല. അമല വഴി പാവറട്ടി, ചാവക്കാട് ഭാഗത്തേയ്ക്കുപോകുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹനങ്ങളും ഇതിലൂടെതന്നെയാണ് കടന്നുപോകുന്നത്.ഈ അവസ്ഥയിൽ അനുമതിനേടി എത്രയുംപെട്ടെന്ന് പാലത്തിന്റെ നിർമാണം തുടങ്ങാതെ
ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചതായി പിഡബ്ല്യുഡി പാലം വിഭാഗം എക്സി. എന്‍ജിനിയർ ബോർഡ് സ്ഥാപിക്കുകമാത്രമാണ് ചെയ്തത്. ഇത് മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായി. ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണ് പൊതുമരാമത്തുവകുപ്പും സർക്കാരുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കടാംതോട് പാലം പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കാത്തതിനെതിരേ കോൺഗ്രസ് മുല്ലശേരി, തോളൂർ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധമാർച്ച് നടത്തി. പാലം പുനർ നിർമിക്കാൻ സത്വരനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡിസിസി സെക്രട്ടറി പി.കെ. രാജൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റുമാരും തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നേതാക്കളും പ്രതിഷേധമാർച്ചിൽ പങ്കെടുത്തു.