ബസിടിച്ച് യുവാവ് മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
1589792
Sunday, September 7, 2025 7:20 AM IST
കയ്പമംഗലം: പന്ത്രണ്ടിൽ ബസിടിച്ച് യുവാവ് മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പുചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി തോട്ടാശേരി വീട്ടിൽ സുജി(38) ത്തിനെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ബസും പോലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വൈകീട്ട് അഞ്ചരയോടെ ഗുരുവായൂർ - എറണാകുളം റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് ചാവക്കാട് കടപ്പുറം സ്വദേശിയായ ബൈക്ക് യാത്രികൻ മുഹമ്മദ് അനസ് മരണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
സുജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2006ൽ ഒരാൾ മരണപ്പെടാൻ ഇടയായ വാഹനാപകടക്കേസിലും 2008ൽ ഒരു വധശ്രമക്കേസിലും പ്രതിയാണ്.കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ആർ. ബിജു, എസ്ഐ മാരായടി അഭിലാഷ്, സിയാദ്, ജയ്സൺ, ഷാരൂഖ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.