മുത്തച്ഛന്റെ സ്വപ്നം നിറവേറ്റി കൊച്ചുപുലി
1590145
Tuesday, September 9, 2025 1:04 AM IST
തൃശൂർ: വെളിയന്നൂർ ദേശം പുലിക്കളിസംഘത്തിൽ ചുവടുവച്ച ഏക കുട്ടിപെണ്പുലി കാഴ്ചക്കാരുടെ മനംകവർന്നു. എരുമപ്പെട്ടിയിലെ മുകേഷ്- സ്വാതി ദന്പതികളുടെ മകൾ എട്ടുവയസുകാരി വി.എം. ദക്ഷയാണ് പുലിക്കളിയിൽ താരമായത്.
ആറാം വയസിൽതന്നെ പുലിക്കളിയിലേക്കു കടന്നുവന്ന ദക്ഷ, ഇത്തവണ വീണ്ടും ഇറങ്ങിയത് മുത്തച്ഛന്റെ സ്വപ്നം നിറവേറ്റാനായിരുന്നു. പുലിക്കളിയിൽ ഇരുപതിലേറെ വർഷം വേഷമിട്ട മുത്തച്ഛൻ മോഹനന്റെ ഏറ്റവും വലിയ ആഗ്രഹം കൊച്ചുമകൾ വെളിയന്നൂർ ദേശത്തിനായി ചായമിടുന്നതായിരുന്നു. കഴിഞ്ഞവർഷം മോഹനൻ വിടപറഞ്ഞതോടെ ആ ആഗ്രഹം അപ്രാപ്യമായി. എന്നാൽ, കുടുംബം മുഴുവൻചേർന്ന് ഇത്തവണ ആ സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.
ആറാംവയസിൽ പുലിവേഷമിട്ടിറങ്ങിയ ദക്ഷയെ കുട്ടിയായതിനാൽ വാഹനത്തിൽതന്നെ ഇരുത്താൻ ശ്രമിച്ചു. തനിക്കു മറ്റു പുലികൾക്കൊപ്പം ചുവടുവയ്ക്കണമെന്നു വാശിപിടിച്ച് തുടക്കംമുതൽ അവസാനം വരെ പുലിയാവേശം പ്രകടിപ്പിച്ച ദക്ഷയെ കണ്ടപ്പോൾ, അവളാണു തന്റെ പിൻഗാമിയെന്ന് മുത്തച്ഛൻ മനസിലാക്കിയിരുന്നുവെന്ന് കുടുംബം പറയുന്നു. എരുമപ്പെട്ടി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് ദക്ഷ.