ലൈഫ് പദ്ധതി ലോകത്തിനു മാതൃക: മന്ത്രി വി. അബ്ദുറഹ്മാൻ
1546438
Tuesday, April 29, 2025 1:55 AM IST
കയ്പമംഗലം: സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ലൈഫ് പദ്ധതി ലോകത്തിനു മാതൃകയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും ലൈഫ് പിഎംഎവൈ ഗുണഭോക്തൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 4,51,631 വീടുകളുടെ നിർമാണം പൂർത്തിയാക്കി. കൂടാതെ 95922 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടുവച്ച് നൽകുവാനും തൊഴിൽ ചെയ്ത് ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും പങ്കാളികളാകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ്് നിഷ അജിതൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ലൈഫ് പദ്ധതി ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.