ടൗൺഹാളൊരു മാന്തോപ്പായി, പൂരനഗരിക്കിതു മാമ്പഴക്കാലം
1546425
Tuesday, April 29, 2025 1:55 AM IST
തൃശൂർ: ടൗൺഹാൾ ഒരു മാന്തോപ്പായി മാറി; മധുരമൂറുന്ന, തേൻകിനിയുന്ന ഒരായിരം മാമ്പഴങ്ങളുള്ള മാന്തോപ്പ്!!
തൃശൂർ അഗ്രിഹോർട്ടിക്കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ്, കാർഷികസർവകലാശാല, ഇൻഡിജീനസ് മാങ്കോട്രീ കണ്‍സർവേഷൻ പ്രോജക്ട്, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള മാങ്ങാമേള കാണാൻ ടൗൺഹാളിൽ എത്തിയാൽ ഒരുപാടൊരുപാട് മാഞ്ചുവട്ടിൽ എത്തിയപോലെയാണ്.
കുട്ടിക്കാലംതൊട്ട് കേട്ടു കൊതിതോന്നിയ മാമ്പഴങ്ങൾക്കൊപ്പം പുതുമയുള്ള പേരുകളുമായി ഒട്ടനവധി മാമ്പഴങ്ങളുമുണ്ട്. ജോളി, മുംതാസ്, മേനക, നീലകണ്ഠൻ, അലിക്കുട്ടി, പത്മിനി, അമ്പിളി, വെങ്കിടി, സൽമ, അശ്വിൻ... അങ്ങനെ ഒരു ക്ലാസിലെ ഹാജർബുക്കിലെ പേരുകൾപോലെ മാമ്പഴങ്ങളുടെ പേരുകൾ നീളുന്നു.പേരുകളിലെ വൈവിധ്യം രുചിയിലും വലിപ്പത്തിലും ആകൃതിയിലും മണത്തിലും നിറത്തിലുമുണ്ട്.മൂവാണ്ടനും പ്രിയൂരും കിളിച്ചുണ്ടനുംമാത്രമറിയുന്നവർക്ക് ഇതു പൂരക്കാലത്തെ മാമ്പഴ കുടമാറ്റമാണ്.
പൊതിക്കാത്ത ഒരു നാളികേരത്തിന്റെയത്ര വലിപ്പമുള്ള മാമ്പഴവും ഉരുളൻകല്ലിന്റെ വലിപ്പമുള്ള മാങ്ങയും മേളയിലുണ്ട്.1500-ലധികം മാമ്പഴ ഇനങ്ങൾ ഇവിടെ അണിനിരത്തിയിട്ടുണ്ട്. ഭീമൻ മാങ്കോശ്രീയും കുഞ്ഞൻ കടുക്കയുമാണ്. മാങ്കോശ്രീ എട്ടു കിലോയുണ്ട്.
അൽഫോൻസ, മന്ദാകിനി, കോസാപുരി, ബ്ലാക്ക് ആൻഡ്രൂസ്, മല്ലിക, ജഹാംഗിർ, മെർക്കുറി, കോട്ടപ്പറമ്പൻ, അർജുൻ, അംഗോർ... എന്നിങ്ങനെ നീളുന്നു വൈവിധ്യമാർന്ന ഇനങ്ങൾ. സിന്ദൂരം, സുന്ദരി, കൊളമ്പ്, ബ്ലാക്ക് റോസ്, ബംഗനാപ്പള്ളി, പ്രിയൂർ, മൂവാണ്ടൻ എന്നീ മാമ്പഴങ്ങളും സുലഭം.
കേരളത്തിലെ 14 ജില്ലകളിൽനിന്ന് ഇൻഡിജീനസ് മാങ്കോട്രീ കണ്‍സർവേഷൻ ടീമിന്റെ പ്രതിനിധികളുടെ നേതൃത്വത്തിലാണ് വ്യത്യസ്തങ്ങളായ ഇത്രയധികം മാമ്പഴങ്ങളും മാങ്ങകളും ശേഖരിച്ചത്. മാമ്പഴ ഐസ്ക്രീമുകളും മാമ്പഴപ്പായസവും മാങ്ങ ജ്യൂസും ജാമുകളും അച്ചാറുകളും ഇവിടെയുണ്ട്. പഴുക്കുന്നതിനുമുമ്പ് പച്ചനിറത്തിലും പഴുത്താൽ മഞ്ഞയിലും മാത്രമല്ല മാങ്ങയുള്ളത്. മഞ്ഞനിറത്തിലുള്ള മാങ്ങ കണ്ടാൽ പഴുത്തുവെന്നു തോന്നുമെങ്കിലും പച്ചയാണെന്ന് അറിയുമ്പോൾ അത്ഭുതംതോന്നും. പഴുക്കുംമുമ്പേ മേക്കപ്പിട്ടു സുന്ദരിയായ നല്ല മഞ്ഞപച്ചമാങ്ങ.
നട്ടുവളർത്താൻ മാവിൻതൈകളും വില്പനയ്ക്കുണ്ട്. മാവുകൃഷിയെക്കുറിച്ച് സെമിനാർ, പരിപാലനനിർദേശങ്ങൾക്കും സംശയദുരീകരണത്തിനും മാങ്കോ ക്ലിനിക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മാങ്ങാമേള മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മേള ഇന്നു സമാപിക്കും.