കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച; നെല്ല് സംഭരിക്കാന്‍ ആരുമില്ല
1546436
Tuesday, April 29, 2025 1:55 AM IST
ഇരിങ്ങാലക്കുട: കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കുവാന്‍ മില്ലുടമകളോ ഏജന്റുമാരോ തയാറാകാത്തതില്‍ പ്രതീക്ഷനശിച്ചിരിക്കുകയാണ് മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകർ. പുല്ലൂര്‍ പള്ളിക്കു സമീപമുള്ള സെന്റ് സേവിയേഴ്സ് സ്കൂള്‍ ഗ്രൗണ്ടിലും പള്ളിപ്പറമ്പിലും ടണ്‍ കണക്കിന് നെല്ല് സംഭരിക്കാനാളില്ലാത്തതിനാല് കെട്ടിക്കിടക്കുകയാണ്. മുരിയാട് പഞ്ചായത്തിലെ കൃഷിഭവനു കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതി.
80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടികിടക്കുന്നത്. ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നത്. പുല്ലര്‍ സെന്റ്് സേവിയേഴ്സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന് കോച്ചേരി, ബിജുചിറയത്ത്, വിക്രമന് അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന് തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷിചെയ്തവരുടെയും ഗതി ഇതുതന്നെ.
കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ വിളവെടുത്ത നെല്ലാണ് വില്ക്കാന് കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. നെല്ല് ഇനി എന്ന് സംഭരിക്കുമെന്നു നിശ്ചയമില്ല. നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് അയക്കുന്ന സമയത്ത് വളരെ കൂടുതലായിട്ടുള്ള കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്. ഉണങ്ങിക്കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല, അതിനാല്‍ത്തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈക്കോ ഉദ്യോഗസ്ഥരും മില്ലുടമകളും അവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ ചേദ്യം.
പണം മുടക്കി അധ്വാനിച്ച് ബുദ്ധിമുട്ടുന്ന കര്‍ഷകന്റെ വിയര്‍പ്പിന്റെ ഉപ്പുകൂട്ടിയിട്ടുവേണോ ഈ കമ്പനിക്കാര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും ചൊറുണ്ണാനെന്ന് ആശ്രമത്തിന്റെ കീഴിലുള്ള പാടശേഖരത്തിന്റെ ുമതലയുള്ള ഫാ. ജോസ് ചുങ്കത്ത് ചോദിച്ചു. നെല്ല് പാടത്തുകിടക്കുന്നതുമൂലം മഴയെ ഭയന്നാണ് കര്‍ഷകര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
ഇപ്പോഴും പാടശേഖരത്തില്‍ കൊയ്ത്തു നടന്നുകൊണ്ടിരിക്കുകയാണ്. കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴവരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്. ഒരു മഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ്.
സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷി മന്ത്രിയും ജില്ലാ കളക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റുബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് മില്ലുകള്‍ എത്രയും വേഗം നെല്ല് ഏറ്റെടുക്കുന്നതിനും അതിന്റെ പണം എത്രയും വേഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കർഷകര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.