പൂരവിളംബരത്തിനൊരുങ്ങി ശിവകുമാർ
1546140
Monday, April 28, 2025 1:16 AM IST
തൃശൂർ: എറണാകുളത്തപ്പന്റെ പ്രിയങ്കരനായ ശിവകുമാർ ഇക്കുറിയും പൂരവിളംബരത്തിന് എത്തുന്പോൾ ആവേശമൊട്ടുംചോരാതെ തട്ടകം. പൂരത്തിന്റെ വരവറിയിച്ചു തെക്കേ ഗോപുരനട തുറക്കുന്നത് ആവേശംനിറഞ്ഞ ചടങ്ങാക്കിമാറ്റിയത് ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറുവർഷംമുന്പ് രാമചന്ദ്രൻ പിൻവാങ്ങിയതോടെ തെയ്തലക്കാവിലമ്മയുടെ തിടന്പ് ശിവകുമാറാണു ശിരസിലേറ്റിയത്.
ഗുരുവായൂരിൽ നടയിരുത്താൻ എത്തിച്ച ശിവകുമാർ എറണാകുളത്ത് എത്തിയതിനുപിന്നിലൊരു കഥയുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ വ്യവസായി കെ.ജി. ഭാസ്കരൻ കോടനാടുനിന്നു വാങ്ങിയ ശിവകുമാറിനെ നടയ്ക്കിരുത്തുന്നതിനുമുന്പ് കുറച്ചുദിവസം കൊച്ചിയിൽ നിർത്താൻ തീരുമാനിച്ചു. എറണാകുളം ശിവക്ഷേത്ര പരിസരത്താണു തളച്ചത്. പിന്നീട് ഗുരുവായൂരിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചിട്ടും ക്ഷേത്രമതിൽക്കെട്ടിൽനിന്നു പുറത്തേക്കുവരാൻ ആനക്കുട്ടി കൂട്ടാക്കിയില്ല. ഒടുവിൽ രാശിവച്ചു നോക്കിയപ്പോൾ മഹാദേവന് ഇഷ്ടമായതുകൊണ്ടാണ് ആനക്കുട്ടിയെ വിടാത്തതെന്നു തെളിഞ്ഞു. ഗുരുവായൂർ യാത്ര മുടങ്ങി. അങ്ങനെ ഗുരുവായൂർ ശിവകുമാർ ആകേണ്ടിയിരുന്നവൻ എറണാകുളം ശിവകുമാറായി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഗജനിരയിലെ ഏറ്റവും തലയെടുപ്പുള്ള കൊന്പനാണു ശിവകുമാർ.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടു മുട്ടാൻ ശേഷിയുള്ളവനെന്ന് അന്നേ ആനക്കന്പക്കാർ മാർക്കിട്ടു. ഭംഗിയാക്കാനായി ഒരിക്കൽ കൊന്പുമുറിച്ചപ്പോഴുണ്ടായ പിഴവുമൂലം പഴുപ്പുബാധിച്ചു കൊന്പുമുഴുവനായി മുറിച്ചുകളയേണ്ടിവന്ന ചരിത്രംകൂടിയുണ്ട് ശിവകുമാറിന്. മുറിച്ച കൊന്പിനുപകരം കൃത്രിമക്കൊന്പാണു ഘടിപ്പിച്ചത്. എന്നാൽ, തലയെടുപ്പിന്റെയും ആനച്ചന്തത്തിന്റെയും കാര്യത്തിൽ അതൊരു കുറവേയല്ല.
മേയ് അഞ്ചിനാണു
പൂരവിളംബരം
രാവിലെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്നും ഭഗവതിയുടെ തിടന്പേറ്റി പുറപ്പെടും. തെക്കേനട തുറക്കുന്ന ചടങ്ങിനു യാത്രയാക്കാൻ തട്ടകക്കാരും ഒത്തുകൂടും. ചെന്പിശേരി മേൽപ്പാലത്തിലൂടെ വിയ്യൂരും പാട്ടുരായ്ക്കലും കടന്ന് തിരുവന്പാടി ക്ഷേത്രത്തിനു മുന്നിലൂടെ സ്വരാജ് റൗണ്ടിൽ കയറുന്പോൾ വൻ ആൾക്കൂട്ടത്തിന്റെ അകന്പടിയുണ്ടാകും. പ്രദർശനനഗരിയിലൂടെ ക്ഷേത്രമൈതാനിക്കുള്ളിലെ ശ്രീമൂലസ്ഥാനത്തെത്തി മേളത്തിനു സാക്ഷിയാകും.
തുടർന്ന് അകത്തുകടന്നു തെക്കേഗോപുരനട തള്ളിത്തുറന്നു തുന്പിക്കൈ ഉയർത്തി അഭിവാദ്യമർപ്പിക്കുന്നതോടെ പൂരപ്രേമികളുടെ ആർപ്പുവിളി ഉയരും. കഥയും ക്ലൈമാക്സും ചിരപരിചിതമായിട്ടും വർഷങ്ങളായി തുടരുന്ന മടുക്കാത്ത കാഴ്ച. രാമചന്ദ്രനിൽനിന്ന് ശിവകുമാർവഴി പടരുന്ന ആവേശക്കാഴ്ചയ്ക്കുള്ള കാത്തിരിപ്പിലാണു തട്ടകം.