ശിശുവിദ്യാപോഷിണി എൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നു
1545970
Sunday, April 27, 2025 6:59 AM IST
കൊടുങ്ങല്ലൂർ: എറിയാട് ശിശുവിദ്യാപോഷിണി എൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നു. 28ന് പകൽ 2.30 ന് സ്കൂൾ ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിൽ സർക്കാർ വിദ്യാലയപ്രഖ്യാപനം മന്ത്രി ആർ. ബിന്ദു നടത്തുമെന്ന് ഇ.ടി. ടൈസൺ എം എൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എറിയാട് പഞ്ചായത്തിൽ അക്ഷര വെളിച്ചം പകർന്ന സ്കൂൾ സ്ഥാപിതമായി 101 വർഷം പിന്നിടുമ്പോഴാണ് സർക്കാർ ഏറ്റെടുക്കുന്നത്. സിംഗിൾ മാനേജ്മെന്റ്് വിദ്യാലമായി ആരംഭിച്ച് സ്റ്റാഫ് മാനേജ്മെന്റ് വിദ്യാലമായി മാറുകയായിരുന്നു. യാതൊരു പ്രതിഫലേഛയുമില്ലാതെ സ്റ്റാഫ് മാനേജ്മെന്റിന്റെ അപേക്ഷ സർക്കാർ പരിഗണിച്ചാണ് സ്കൂൾ സർക്കാർ ഏറ്റടുക്കുന്നത്.
ഇതിന്റെ ഭാഗമായി കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിത കർമസേന എന്നിവർ പങ്കെടുക്കുന്ന ഘോഷയാത്രയും കുട്ടികളും പൂർവവിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനാകും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും.
വാർത്താസമ്മേളനത്തിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, പ്രധാന അധ്യാപിക കെ. സരിത, പിടിഎ പ്രസിഡന്റ് കെ.എ. സിദ്ധീഖ്, കെ.എ. അഫ്സൽ എന്നിവർ പങ്കെടുത്തു.