കാടുകയറിയ റെയിൽവേ പ്ലാറ്റ്ഫോമും പരിസരവും വൃത്തിയാക്കി കൊരട്ടി സിഎൽസി പ്രവർത്തകർ
1546139
Monday, April 28, 2025 1:16 AM IST
കൊരട്ടി: കാടുകയറിയ റെയിൽവേ പ്ലാറ്റ്ഫോമും മാലിന്യം നിറഞ്ഞ സ്റ്റേഷൻ പരിസരവും വൃത്തിയാക്കി കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സി എൽസി പ്രവർത്തകർ.
സംസ്ഥാനത്തെ ഹാൾട്ട് സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വരുമാനവും യാത്രക്കാരുമുള്ള കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ അങ്കണവും പരിസരങ്ങൾ കാടും മാലിന്യങ്ങളും നിറഞ്ഞ് അധികൃതരുടെ അവഗണയേറ്റുകിടന്ന പശ്ചാത്തലത്തിലാണ് സിഎൽസി പ്രവർത്തകരുടെ മാതൃകാ പ്രവർത്തനം.
സംഘടനയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സദുദ്യമത്തിന് പ്രവർത്തകർ ഒറ്റക്കെട്ടായി അണിനിരന്നത്.
കൊരട്ടി ഫൊറോന വികാരിയും സിഎൽസി ഡയറക്ടറുമായ ഫാ. ജോൺസൺ കക്കാട്ട് ശ്രമദാനം ഉദ്ഘാടനം ചെയ്തു. സി എൽ സി പ്രമോട്ടർ ഫാ. ജിൻസ് ഞാണയ്ക്കൽ, സിഎൽസി ഓർഗനൈസർ ആൽവിൻ വിൽസൺ, വാർഡ് മെമ്പർമാരായ ജെയ്നി ജോഷി, വർഗീസ് തച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സിഎൽസിപ്രവർത്തകർക്കൊപ്പം റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും ശ്രമദാനത്തിൽ പങ്കാളികളായി.